പ്രഭാത വാർത്തകൾ
🔳പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതല്‍. നാളെ ബജറ്റ് അവതരിപ്പിക്കും. പെഗാസസ് വിവര ചോര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. ചൈനീസ് അധിനിവേശം, കര്‍ഷകരോടുള്ള സമീപനം, എയര്‍ ഇന്ത്യ വില്‍പന തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
🔳നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ കെ റെയിലും ഉണ്ടാകുമോ? രാജ്യത്തെ വിവിധ മേഖലകളില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന. അടിസ്ഥാന യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മണിക്കൂറില്‍ 160- 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിനുകളുടെ ശ്രംഖല അനിവാര്യമാണ്.
🔳ലോകായുക്തയ്ക്കെതിരായ കെ.ടി ജലീലിന്റെ അധിക്ഷേപം മുഖ്യമന്ത്രി പിണറായി വിജയനുള്ള പിന്നില്‍നിന്നുള്ള കുത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയാക്കി നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായി വിജയനെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് ലോകായുക്തയെ ജലീല്‍ അവഹേളിച്ചത്. ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു. ബഞ്ചിലെ ഒരംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. സതീശന്‍ ചൂണ്ടിക്കാട്ടി.
🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണ്‍ ഇന്നു രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ദിലീപിന്റെ രണ്ടു ഫോണ്‍ അടക്കം ആറു ഫോണുകളാണു കൈമാറുക. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് ഫോണുകള്‍ കൈമാറുന്നത്. ഗൂഡാലോചന സംബന്ധിച്ചു സുപ്രധാന തെളിവുകള്‍ ഫോണിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നു.
🔳നടി അക്രമിക്കപ്പെട്ട കേസില്‍ നാലു വര്‍ഷം മുന്‍പ് താന്‍ പറഞ്ഞത് തന്റെ ഇപ്പോഴത്തെ പ്രതികരണമെന്ന നിലയില്‍ പ്രചരിപ്പിക്കരുതെന്ന് നടനും സംവിധായകനുമായ ലാല്‍. ആരാണ് കുറ്റക്കാരെന്നു കണ്ടെത്താന്‍ പൊലീസും നിയമവും കോടതിയുമുണ്ട്. എനിക്കും സ്വന്തമായ സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷേ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കില്ല. അതുകൊണ്ട് പുതിയ പ്രസ്താവനകളില്ല. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടട്ടെ, ഇരയ്ക്കു നീതി ലഭിക്കട്ടെയെന്നും ലാല്‍ പറഞ്ഞു.
🔳കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ, ഇളവുകളുണ്ടാകുമോ? ഇന്നു ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാകും. നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്ന് സിനിമാ തിയേറ്ററുടകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞായറാഴ്ച ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് പല മേഖലയില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു.
🔳കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ ആരോഗ്യ വകുപ്പ്. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ട് ഒരു വര്‍ഷമായി. 1800 പേരുടെ പ്രധാന റാങ്ക് ലിസ്റ്റില്‍ നിന്ന് 38 പേരെ മാത്രമാണ് നിയമിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, ജില്ലാ ആശുപത്രികളിലടക്കം അസിസ്റ്റന്‍ര് സര്‍ജന്മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല.
🔳വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ അധ്യാപകരുടെ പ്രതികരണം വേണ്ടെന്നു താക്കീതു നല്‍കിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍. കോണ്‍ഗ്രസ്, സിപിഐ അനുകൂല അധ്യാപക സംഘടനകളാണു പ്രതിഷേധിച്ചത്. സര്‍വീസ് ചട്ടങ്ങളുടെ ചാട്ടവാര്‍ ഉപയോഗിച്ച് അധ്യാപക സംഘടനകളെ അടിച്ചമര്‍ത്താനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരേ ബുധനാഴ്ച ഉപജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ തീരുമാനിച്ചു.
🔳അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൂടുതല്‍ യാത്രക്കാരെത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. എട്ട് ലക്ഷത്തിലധികം യാത്രക്കാര്‍. നാല് ലക്ഷത്തിലധികം പേരുമായി മുബൈ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ലക്ഷത്തിലധികം യാത്രക്കാരുണ്ടായി.
🔳കോഴിക്കോട് ബാലികാ സദനത്തില്‍നിന്ന് ഒളിച്ചോടി തിരിച്ചെത്തിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ കൈഞരമ്പു മുറിച്ചു. ഉടനേ ആശുപത്രിയില്‍ എത്തിച്ചു ചികില്‍സ നല്‍കി. ആത്മഹത്യാശ്രമമാണെന്നു കരുതാനാവില്ലെന്നു പോലീസ്.
🔳അറസ്റ്റിലായ ആണ്‍കുട്ടികള്‍ തങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന് കോഴിക്കോട് ബാലികാ സദനത്തിലെ പെണ്‍കുട്ടികള്‍. അവരെ വെറുതേ കേസില്‍ കുടുക്കി അറസ്റ്റു ചെയ്തിരിക്കുകയാണെന്ന് പെണ്‍കൂട്ടികള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
🔳ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 55 ഗ്രാം എംഡിഎംഎ മയക്കമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ്(22), കോഴിക്കോട് താലൂക്കില്‍ ചേവായൂര്‍ മലാപ്പറമ്പ് മുതുവാട്ട് വീട്ടില്‍ വിഷ്ണു (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
🔳മൂന്നാറിനു സമീപം കരടിപ്പാറയില്‍ ട്രക്കിംഗിനിടെ തെന്നി കൊക്കയില്‍ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ ഷാര്‍ളിയാണ് മരിച്ചത്.
🔳അട്ടപ്പാടിയില്‍ രണ്ടു വയസുള്ള ആദിവാസി ബാലന്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൈജു, സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദീഷ് മരിച്ചത്. കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മടക്കി അയച്ചെന്നാണ് കുടംബത്തിന്റെ പരാതി.
🔳കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്ഫോടനമുണ്ടായത് ബോംബുണ്ടാക്കുന്നതിനിടെയാണെന്ന് പോലീസ്. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റുപോയിട്ടുണ്ട്.
🔳ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ കണ്ണൂരില്‍ വ്യാപക ബോംബുനിര്‍മാണമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് കണ്ണൂരില്‍ ബോംബ് നിര്‍മിച്ചത്. ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ഇവിടെ കലാപമുണ്ടാക്കാന്‍ ആര്‍എസ് എസുകാര്‍ ബോംബ് നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
🔳കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ 44 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി മസ്‌കറ്റില്‍നിന്നു വന്ന യുവതി പിടിയില്‍. 905 ഗ്രാം സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അബുദാബിയില്‍നിന്നു വന്ന മലപ്പുറം സ്വദേശി സെയ്ദുള്ള ഹബീബില്‍നിന്ന് 1.64 കിലോഗ്രാം സ്വര്‍ണം പിടിച്ചു. കരിപ്പൂരില്‍ 1030 ഗ്രാം സ്വര്‍ണവും ഷാര്‍ജയിലേക്ക് അനധികൃതമായി കൊണ്ടുപോകാന്‍ ശ്രമിച്ച എട്ട് ലക്ഷം രൂപയുടെ വിദേശകറന്‍സികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കാസര്‍ഗോഡ്, കുറ്റ്യാടി സ്വദേശികളാണ് പിടിയിലായത്.
🔳കോഴിക്കോട് കോടഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച വൈക്കോല്‍ ലോറി യുവാവ് സ്‌കൂള്‍ മൈതാനത്തേക്കു സാഹസികമായി ഓടിച്ചു കയറ്റിയതുമൂലം വന്‍ അപകടം ഒഴിവായി. വയനാട്ടില്‍നിന്ന് വൈക്കോല്‍ കയറ്റി വന്ന ലോറിയില്‍ തീ പടര്‍ന്നതുകണ്ട് റോഡരികില്‍ ലോറി നിര്‍ത്തി ഡ്രൈവറും സഹായിയും വെള്ളമെടുത്തു തീയണയ്ക്കാന്‍ ശ്രമിച്ചു. തീയണയ്ക്കല്‍ അസാധ്യമെന്നു മനസിലായ സമീപവാസി ഷാജി ലോറി റോഡില്‍നിന്ന് സ്‌കൂള്‍ ഗ്രൗണ്ടിലേക്കു മാറ്റി. തീപടര്‍ന്ന വൈക്കോല്‍ ഏറേയും താഴെ വീണു. പിറകേ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വൈദ്യുതി ലൈനില്‍നിന്ന് തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
🔳മയക്കുമരുന്നുമായി എംബിഎ വിദ്യാര്‍ത്ഥിയെ വാളയാറില്‍ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി എബിനാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്കുള്ള സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയിലാണ് എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്.
🔳രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്കു സസ്പെന്‍ഷന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. അനന്തകൃഷ്ണനെയാണ് സസ്പെന്‍ഡു ചെയ്തത്. ഡോക്ടര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ രോഗിയുടെ ബന്ധു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
🔳വൈകിയ ഫീസ് കോളജ് അധികാരികള്‍ സ്വീകരിച്ചില്ല, വിദ്യാര്‍ഥിനി ജീവനൊടുക്കി. പാലക്കാട് റെയില്‍വെ കോളനിക്കു സമീപം ഉമ്മിനിയിലെ സുബ്രഹ്‌മണ്യന്‍ – ദേവകി ദമ്പതികളുടെ മകള്‍ ബീന (20) യാണ് മരിച്ചത്.
പാലക്കാട് എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്. ഫീസടയ്ക്കാന്‍ അമ്മ ഇന്നലെ കോളജിലേക്കു പോയിരുന്നു. എന്നാല്‍ കോളജ് അധികൃതര്‍ ഫീസ് വാങ്ങിയില്ല. സര്‍വകലാശാലയെ സമീപിക്കണമെന്നും പരീക്ഷ എഴുതാനാവില്ലെന്നും പറഞ്ഞു തിരിച്ചയച്ചെന്നു സഹോദരന്‍ ബിജു പരാതിപ്പെട്ടു.
🔳അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിനു നിയമസഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ പിആര്‍ഒ മധുവിന്റെ കുടുംബത്തെയും നിയമന്ത്രി പി രാജീവിനേയും ബന്ധപ്പെട്ട് കേസിന് നിയമസഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. നിയമസഹായം നല്‍കാന്‍ മുതിര്‍ന്ന അഭിഭാഷകനായ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
🔳ഞായറാഴ്ച ലോക് ഡൗണിനു സമാനമായ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം ചെയ്ത പയ്യോളി നഗരസഭ ചെയര്‍മാനെതിരെ കേസ്. പയ്യോളി നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷെഫീഖിനും വാര്‍ഡ് കൗണ്‍സിലര്‍ സിജിന മോഹനനും എതിരേയാണു കേസെടുത്തത്. കീഴൂര്‍- കളത്തില്‍മുക്ക് റോഡിന്റെ ഉദ്ഘാടനമാണ് കേസായത്.
🔳മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി സരണ്‍ സോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. സുഹൃത്തുക്കളും ജാര്‍ഖണ്ഡ് സ്വദേശികളുമായ ദബോയി ഛന്ദ്യ, ഷാദേവ് ലോംഗ് എന്നിവരാണ് കോയമ്പത്തൂരില്‍ പിടിയിലായത്.
🔳പൊന്‍കുന്നം കൂരാലിയില്‍ നൂറ്റൊന്നു ലിറ്റര്‍ വിദേശ മദ്യവുമായി ഹോട്ടലുടമ പിടിയില്‍. അരീപാറയ്ക്കല്‍ ശരത് ബാബുവാണ് പിടിയിലായത്. അരലിറ്ററിന്റെ 211 കുപ്പികളാണ് പിടിച്ചെടുത്തത്. ഹോട്ടല്‍ കേന്ദ്രീകരിച്ച് അനധികൃത വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണിത്. ബീവറേജില്‍ നിന്ന് വാങ്ങി സൂക്ഷിച്ച ശേഷം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നു.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം. പാലക്കാട് മുണ്ടൂര്‍ സ്വദേശി ശ്യാമാണ് അറസ്റ്റിലായത്.
🔳എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് കാരന്തൂരില്‍ എക്സൈസിന്റെ പിടിയിലായി. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് രണ്ടു ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടികൂടിയത്.
🔳പിക്കപ്പ് വാന്‍ വാങ്ങാനെത്തിയ കര്‍ഷകനെ അധിക്ഷേപിച്ച മഹീന്ദ്ര ഷോറൂം ജീവനക്കാരന്‍ കര്‍ഷകന്റെ വീട്ടിലെത്തി മാപ്പപേക്ഷിച്ചു, പുത്തന്‍ ബൊലേറോ കൈമാറുകയും ചെയ്തു. ബംഗളൂരു തുമക്കൂരുവിലെ കര്‍ഷകനായ കെംപെഗൗഡയുടെ വീട്ടിത്തിയാണ് മഹീന്ദ്ര കമ്പനി വാഹനം കൈമാറിയത്. കര്‍ഷകന്റെ വേഷം കണ്ട് ഷോറൂം ജീവനക്കാരന്‍ പരിഹസിച്ചതും പിറകേ കര്‍ഷകന്‍ പത്തു ലക്ഷം രൂപയുമായി എത്തി വാഹനം ഉടനേ വേണമെന്ന് ആവശ്യപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കര്‍ഷകനോടു ക്ഷമ ചോദിച്ചിരുന്നു.
🔳മഹാത്മാഗാന്ധിയുടെ ചരമദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. ‘ബാപ്പുവിന്റെ പുണ്യ ദിവസം അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നാം കൂട്ടായി പരിശ്രമിക്കണം.’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
🔳ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. ഇന്നു വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അഭിസംബോധന ചെയ്യുക. വിവിധ മേഖലകളിലെ വനിതകളുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഷീ ദി ചേഞ്ച് മേക്കര്‍’ എന്നതാണ് പരിപാടിയുടെ പ്രമേയം.
🔳ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടിയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
🔳മതവികാരം വൃണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിനെത്തുടര്‍ന്ന് ഒരാളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഗുജറാത്തിലെ മൗലവി അറസ്റ്റിലായി. ഗുജറാത്തിലെ ധന്‍ധുക നഗരത്തില്‍ കിഷന്‍ ബോലിയ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ മൗലവി കമാര്‍ഗനി ഇസ്മാനിയാണ് അറസ്റ്റിലായത്. വെടിവച്ചുകൊന്ന ഷബീര്‍ ചോപ്ഡയും ഒപ്പമുണ്ടായിരുന്ന ഇംതിയാസ് പത്താനും അറസ്റ്റിലായിരുന്നു.
🔳ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഇസ്രായേല്‍ സൗഹൃദം വരും ദശകങ്ങളില്‍ പരസ്പര സഹകരണത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയിലെ 7453 ജീവനക്കാരെ പ്രോവിഡന്റ് ഫണ്ടിന്റെ സോഷ്യല്‍ സെക്യൂരിറ്റി കവറേജില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഡിസംബര്‍ മുതലുള്ള പിഎഫ് ആനുകൂല്യം ഇവര്‍ക്ക് ലഭിക്കും. ജീവനക്കാര്‍ക്ക് തൊഴില്‍ ദാതാവിന്റെ പിഎഫ് വിഹിതത്തില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടാകും.
🔳വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ‘ഫ്രീഡം കോണ്‍വോയ്’ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാര്‍. ട്രക്കുകളും ഇതര വാഹനങ്ങളുമായി കാനഡയിലെ പാര്‍ലമെന്റിന് മുന്നിലാണു പ്രക്ഷോഭം. സുരക്ഷ പരിഗണിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
🔳ജിദ്ദ നഗര വികസനത്തിനായി അര ലക്ഷം കെട്ടിടങ്ങള്‍ പൊളിക്കുന്നു. 138 സ്ട്രീറ്റുകളിലുള്ള അമ്പതിനായിരം കെട്ടിടങ്ങള്‍ പൊളിക്കും. ഇതുവരെ 13 സ്ട്രീറ്റുകളിലായി 11,000 കെട്ടിടങ്ങള്‍ പൊളിച്ചു. പൊളിച്ച കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കാനുള്ള നടപടികള്‍ തുടങ്ങി.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിതക്കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്.സി. ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.
🔳ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവിനെ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. ടെന്നീസില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡാണ് നദാല്‍ സ്വന്തം പേരില്‍ കുറിച്ചത്. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെ മറികടന്നാണ് 35 കാരനായ നദാല്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം പിന്നീട് മൂന്ന് സെറ്റുകള്‍ നേടിക്കൊണ്ടാണ് നദാല്‍ മത്സരം സ്വന്തമാക്കിയത്.
🔳കേരളത്തില്‍ ഇന്നലെ 1,03,366 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 49.89. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 14 മരണങ്ങള്‍. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,701 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,54,595 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769.
🔳രാജ്യത്ത് ഇന്നലെ രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 22,444, കര്‍ണാടക- 28,264, തമിഴ്‌നാട്- 22,238, ആന്ധ്രപ്രദേശ്-10,310, ഡല്‍ഹി- 3,674.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിരണ്ട്് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു താഴെ. ബ്രസീല്‍ – 1,01,320, ഇംഗ്ലണ്ട്- 62,399, ഫ്രാന്‍സ്- 2,49,448, ഇറ്റലി- 1,04,065, ജര്‍മനി-1,09,029. ഇതോടെ ആഗോളതലത്തില്‍ 37.50 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.30 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5579 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 219, റഷ്യ- 617, മെക്സിക്കോ – 522. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.75 ലക്ഷമായി.
🔳2021-22ന്റെ മൂന്നാം പാദത്തില്‍ ടൈല്‍സിന്റെ വില വാര്‍ഷിക അടിസ്ഥാനത്തില്‍ 12-15 ശതമാനം വര്‍ധിച്ചു. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ടൈല്‍സ് വില 5-7 ശതമാനം വീണ്ടും വര്‍ധിക്കുമെന്ന് ഐസിആര്‍എ റേറ്റിംഗ്‌സ് കരുതുന്നു. വര്‍ധിച്ച് വരുന്ന ഊര്‍ജ്ജ ചെലവുകള്‍, ചരക്ക് കൂലി, കണ്ടെയ്‌നര്‍ ദൗര്‍ലബ്യം എന്നിവ കാരണം സെറാമിക് ടൈല്‍സ് വ്യവസായത്തിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 2 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രകൃതി വാതകത്തിന്റെ വില 129 ശതമാനം വര്‍ധിപ്പിച്ചത് ഇനിയും ടൈല്‍സിന് 8 രൂപ വര്‍ധിക്കാനിടയാക്കിയേക്കും.
🔳ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഏറെ പ്രചാരത്തിലുള്ള ഒരു സംവിധാനമാണ് ബൈ നൗ പേ ലേറ്റര്‍. ഇത്തരം സ്‌കീമില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം രണ്ടോ മൂന്നോ തവണകളായി പണം നല്‍കിയാല്‍ മതി. ഇപ്പോള്‍ അവ ഓഫ് ലൈന്‍ ഷോപ്പിംഗിലേക്കും എത്തുകയാണ്. അതായത് സാധാരണ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇവ ഉപയോഗിക്കാം. പേയുഫിനാന്‍സ്, യൂണി കാര്‍ഡ്, സ്ലൈസ് തുടങ്ങിയ കമ്പനികളൊക്കെ വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ബിഎന്‍പിഎല്‍ കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്.
🔳അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ‘വരാല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാല്‍’. നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിര്‍വ്വഹിക്കുന്നത്.
🔳എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രം മാര്‍ച്ചില്‍ ആരംഭിക്കും. ‘എകെ 61’ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61-ാമത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് വിവരം. ‘എകെ 61’ ല്‍ 22 വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം നടി തബു അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
🔳പരിഷ്‌കരിച്ച പുതിയ ക്യു7 എസ്യുവിയുടെ വിലകള്‍ 2022 ഫെബ്രുവരി 3-ന് അപ്‌ഡേറ്റ് ചെയ്ത പ്രഖ്യാപിക്കുമെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ. പുതിയ 2022 ഓഡി ക്യു 7 മെച്ചപ്പെട്ട സ്റ്റൈലിംഗും കൂടുതല്‍ സവിശേഷതകളും പെട്രോള്‍ എഞ്ചിനുമായി മാത്രം വരുന്നു. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഫെയ്സ്ലിഫ്റ്റ് ചെയ്ത മോഡല്‍ ലൈനപ്പ് വില്‍ക്കും. 340 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 എല്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എഞ്ചിനാണ് ഇരു വകഭേദങ്ങള്‍ക്കും കരുത്തേകുന്നത്. ബുക്കിംഗ് തുക അഞ്ച് ലക്ഷം രൂപയായി ഔഡി നിശ്ചയിച്ചിട്ടുണ്ട്.
🔳ഭൂസ്വര്‍ഗങ്ങള്‍ക്കിടയില്‍ ആനന്ദചിത്തരായി, ക്രീഡാലോലരായി വിഹരിച്ച ഒരു കൂട്ടം ഗന്ധര്‍വന്മാരുടെയും അപ്‌സരസ്സുകളുടെയും കഥകളാണ് ഇതില്‍ നിറയെ; സൗന്ദര്യംകൊണ്ടും മായാവിദ്യകള്‍കൊണ്ടും ആരേയും വശീകരിച്ച് മോഹവലയത്തിലാക്കുന്ന ദേവഗായകരും ദേവനര്‍ത്തകികളുമൊക്കെ കഥാപാത്രങ്ങളാകുന്ന രചനാലോകം. ‘ഗന്ധര്‍വകഥകള്‍’. പ്രസന്നന്‍ ചമ്പക്കര. എച്ച്ആന്‍ഡ്സി ബുക്സ്. വില 140 രൂപ.
🔳രുചികരമായ റെഡ് മീറ്റിന് ആരാധകര്‍ ഏറെയാണ്. ഇതില്‍ പ്രോട്ടീനും ഇരുമ്പും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിന്‍ ബി3, ബി6, ബി12, തയാമിന്‍, വൈറ്റമിന്‍ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. എന്നാല്‍ റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കാം. പൂരിത കൊഴുപ്പ് കൂടുതലായതിനാല്‍ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാന്‍ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. നമ്മള്‍ കഴിക്കുന്ന റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയില്‍ ഒളിഞ്ഞിരിക്കുന്ന വില്ലനാണ് പ്രോട്ടീന്‍ ആയ ഹീം അയേണ്‍. ഇവന്‍ കുടലിലെ കോശങ്ങളെ നശിപ്പിക്കുന്നതിന് പുറമെ കാന്‍സര്‍ജന്യ പദാര്‍ത്ഥമായ നൈട്രോസാമിന്‍സിന്റെ ഉത്പാദനത്തിന് കാരണവുമാണ്. സംസ്‌കരിച്ച മാംസം പുകവലിക്ക് തുല്യമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാംസാഹാരം നിര്‍ബന്ധമുള്ളവര്‍ കോഴിയിറച്ചി, താറാവ് ഇറച്ചി എന്നിവ കഴിക്കുക.റെഡ് മീറ്റ് വല്ലപ്പോഴും മാത്രം കറിവച്ച് കഴിക്കുക.
*ശുഭദിനം*
ക്ലാസ്സ് നടക്കുന്നതിനിടയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് ഒരു ചോദ്യം ചോദിച്ചു. അടുത്തടുത്ത രണ്ട് റെയില്‍ പാളങ്ങളില്‍ ഒന്ന് ട്രെയിന്‍ പോകുന്നതും മറ്റേത് ട്രെയിന്‍ പോകാത്തതുമാണ്. ടെയിന്‍ പോകാത്ത് പാളത്തില്‍ ഇരുന്ന് ഒരു കുട്ടി തനിച്ചു കളിക്കുന്നുണ്ട്. ട്രെയിന്‍ പോകുന്ന പാളത്തിലിരുന്ന് 10 കുട്ടികള്‍ കളിക്കുന്നു. പെട്ടെന്ന് ട്രെയിന്‍ വരികയാണ്. നിങ്ങളാണ് ആ ട്രെയിന്‍ കണ്‍ട്രോള്‍ ചെയ്യുന്നതെങ്കില്‍ ആ ട്രെയിന്‍ നിങ്ങള്‍ ഏത് പാളത്തിലൂടെ തിരിച്ച് വിടും? കുട്ടികളുടെ ഉത്തരം പെട്ടെന്നായിരുന്നു. ഞങ്ങള്‍ ഒരു കുട്ടിയുള്ള പാളത്തിലേക്ക് തിരിച്ചുവിടും… അധ്യാപകന്റെ മുഖം മങ്ങി. അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു: ഞങ്ങള്‍ മരണസംഖ്യ കുറയ്ക്കാനാണ് അങ്ങനെ ചെയ്യാന്‍ പറഞ്ഞത്. അധ്യാപകന്‍ പറഞ്ഞു: ട്രെയിന്‍ വരുമെന്നറിഞ്ഞിട്ടും ട്രാക്കില്‍ ഇരുന്ന് കളിച്ച കുട്ടികള്‍ അവിടെ രക്ഷപ്പെടും. ട്രെയിന്‍ വരാത്ത ട്രാക്ക് തിരഞ്ഞെടുത്ത് ആര്‍ക്കും ശല്യമാകാതെ ഇരുന്നയാള്‍ ശിക്ഷിക്കപ്പെടും.. ഇത് കേട്ടതോടെ വിദ്യാര്‍ത്ഥികളും ആശങ്കാകുലരായി. അധ്യാപകന്‍ തുടര്‍ന്നു. ശരി തെറ്റുകളുടെ ഇടയിലുള്ള ആപേക്ഷികമായ നൂല്‍പാലത്തിലാണ് കര്‍മ്മങ്ങളുടെ വിധി.. ഒരു കാര്യം ചെയ്യുന്നആളുകളുടെ എണ്ണമാണ് അനുയോജ്യതയുടെ അളവ് തീരുമാനിക്കപ്പടുന്നതെങ്കില്‍ ശരിചെയ്യുന്നവന്‍ ഒറ്റപ്പെട്ട് പോകും. ശരി ചെയ്യുന്നയാള്‍ തനിച്ചാകുമെന്നറിഞ്ഞാല്‍ എത്രപേര്‍ അയാളുടെ കൂടെ നില്‍ക്കാന്‍ തയ്യാറാകും? നേരിന് വേണ്ടി നിലകൊള്ളുന്നവന്‍ ഒറ്റപ്പെട്ടാല്‍ പിന്നെ നേര് ചെയ്യാന്‍ ആരുമുണ്ടാകില്ല. അന്യായവും അസത്യവും ആള്‍ക്കൂട്ടത്തിന്റെ യൂണിഫോമായി മാറിയാല്‍ ന്യായവും സത്യവും അലഞ്ഞുതിരിയുകയേയുള്ളൂ.. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദകോലാഹലത്തില്‍ നമ്മുടെ മനസ്സ് പറയുന്നത് മുങ്ങിപ്പോകാന്‍ ഇടയാകാതിരിക്കാന്‍ ശ്രദ്ധിക്കുക, കാരണം ശരിതെറ്റുകളുടെ നൂല്‍പാലത്തിലൂടെയാണ് നമ്മുടെ ഓരോ ദിനവും കടന്നുപോകുന്നത്