Sunday, April 13, 2025
Kerala

തക്ക പ്രതിഫലം കിട്ടിയാൽ ആർക്കുവേണ്ടിയും എന്തും ചെയ്യും: ലോകായുക്തക്കെതിരെ കെടി ജലീൽ

 

ലോകായുക്തക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. തക്ക പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജസ്റ്റിസ് സിറിയക് തോമസിന്റെ പേരെടുത്ത് പറയാതെ ജലീൽ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം

മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.

മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ UDF പുതിയ ”കത്തി”  കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച ‘മാന്യനെ’ ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്.  ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.

2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. ‘ജാഗരൂഗരായ’ കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. ‘പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം

Leave a Reply

Your email address will not be published. Required fields are marked *