ആഫ്രിക്കൻ നേഷൻസ് കപ്പിനിടെ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു
കാമറൂണിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു. ഒലെംബ സ്റ്റേഡിയത്തിലാണ് അപകടം. ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. കൊമോറോസ് ദ്വീപിനെതിരെയായിരുന്നു മത്സരം
മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ആറ് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്
നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മത്സരത്തിൽ കാമറൂൺ ക്വാർട്ടറിലേക്ക് മുന്നേറി.