Thursday, January 9, 2025
Sports

കാണികളുണ്ടാകില്ല; ഐപിഎൽ ഇന്ത്യയിൽ തന്നെ

 

ഈ വര്‍ഷം നടക്കുന്ന ഐപിഎൽ 15-ാം സീസൺ ഇന്ത്യയിൽ തന്നെ നടക്കും. കാണികളില്ലാതെയാകും ഇത്തവണ ടൂർണമെന്റ്. മാർച്ച് 27ന് മത്സരങ്ങൾക്കു തുടക്കമാകും. ഉന്നത ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാർത്താ ഏജൻസിയായ എഎൻഐ ആണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. കോവിഡ് കൂടുതൽ രൂക്ഷമാകുന്നില്ലെങ്കിൽ മാർച്ച് 27ന് മത്സരങ്ങൾ ആരംഭിക്കും. മെയ് അവസാനവാരം വരെ ടൂർണമെന്റ് തുടരും. മുംബൈയിലായിരിക്കും മത്സരങ്ങളെല്ലാം. മുംബൈയിലെ വാങ്കഡെ, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സിസിഐ), ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളാണ് ടൂർണമെന്റിനായി പരിഗണിക്കുന്ന വേദികൾ. ആവശ്യമെങ്കിൽ പൂനെയിലെ മഹാരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയവും വേദിയാകും.

ഐപിഎൽ മെഗാലേലം നിശ്ചയിച്ചതു പോലെ തന്നെ നടക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 12, 13 തിയതികളിൽ ബംഗളൂരുവിൽ വച്ചായിരിക്കും ലേലം. താരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഇതുവരെ 1,214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 896 ഇന്ത്യൻ താരങ്ങളും 318 വിദേശതാരങ്ങളും ഇതിൽ ഉൾപ്പെടും.

കോവിഡ് പിടിമുറുക്കിയ 2020 സീസൺ പൂർണമായും യുഎഇയിലായിരുന്നു നടന്നത്. കഴിഞ്ഞ സീസൺ ഇന്ത്യയിൽ കാണികളുടെ സാന്നിധ്യത്തിൽ തന്നെ തുടക്കം കുറിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്കിടെ പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *