സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. മുൻപാല സ്വദേശി അജയൻ(40)ആണ് മരിച്ചത്.
കെഎസ്ഇബി നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനാണ് അജയൻ. രാവിലെ ഒമ്പത് മണിയോടെ ശക്തമായ കാറ്റ് ഇവിടെ വീശിയിരുന്നു. ഇതേ തുടർന്ന് ആഞ്ഞിലി മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് മറിയുകയായിരുന്നു. മരത്തിന് അടിയിൽപ്പെട്ട അജയനെ നാട്ടുകാർ ശിഖിരങ്ങൾ മുറിച്ചുമാറ്റി പുറത്ത് എടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.