പ്രഭാത വാർത്തകൾ
🔳കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമം വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രസക്തിതന്നെ നഷ്ടമാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. നിങ്ങള്‍ നിയമത്തില്‍ വെള്ളംചേര്‍ക്കുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് കോടതി പറഞ്ഞു. ഈ കേസില്‍ മാത്രമല്ല, 100 രൂപയുടെയും 10,000 രൂപയുടെയും കേസില്‍ വരെ ഈ നിയമം ഉപയോഗിച്ച് ആളുകളെ അഴിക്കുള്ളിലാക്കുകയാണെന്നും അതിനാല്‍, വിവേകപൂര്‍വം നിയമം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
🔳കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാര്‍നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
🔳ആഗോളതലത്തില്‍ ക്ഷാമംനേരിടുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മാണത്തിനുള്‍പ്പെടെ, ഇലക്ട്രോണിക്സ് മേഖലയ്ക്ക് 2.30 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പാക്കേജുമായി കേന്ദ്രം. ഇതില്‍ 76,000 കോടി രൂപ സെമികണ്ടക്ടര്‍, ഡിസ്‌പ്ലേ നിര്‍മാണമേഖലയ്ക്കു മാത്രമാണ് നല്‍കുന്നത്. സെമികണ്ടക്ടറുകളുടെ ക്ഷാമം വാഹനമേഖലയെ വലിയതോതില്‍ ബാധിച്ച
സാഹചര്യത്തിലാണ്, ഇവയുടെ നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയത്.
🔳കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം ഇന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോകുമെന്ന് വ്യോമസേന അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് മരണത്തിന് കീഴടങ്ങിയത്. ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
🔳ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസിലെ പ്രതിയായ മകനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് ഭ്രാന്താണോ എന്ന് ചോദിച്ചായിരുന്നു കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകന് നേരെ തട്ടിക്കയറിയത്. അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയതിനെക്കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനെ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫാക്കാന്‍ പറയുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
🔳ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ ദില്ലിക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ മകന്‍ ആശിഷ് മിശ്രയുടെ പങ്ക് കൂടുതല്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
🔳രാജ്യസഭയില്‍ പ്രതിഷേധിച്ച എംപിമാരെ ഒമിക്രോണ്‍ എന്ന് അധിക്ഷേപിച്ച് ബിജെപി എംപി ശിവപ്രതാപ് ശുക്ല. പ്രതിഷേധിക്കുന്ന എംപിമാര്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഒമിക്രോണില്‍ നിന്ന് സംരക്ഷിക്കാന്‍ ‘മോദി വാക്‌സിന്‍’ എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
🔳സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്ത് യുകെയില്‍ നിന്ന് വന്ന 22 വയസുള്ള യുവതിക്കും എറണാകുളത്ത് കോംഗോയില്‍ നിന്ന് വന്ന 34 വയസുള്ള യുവാവിനും ആദ്യ കേസിലെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപട്ടിക പരിശോധിച്ച് വരുകയാണ്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യമാതാവിനുമാണ് ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
🔳സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സമരം തുടരും. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും ഫലം കണ്ടില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ സമരം തുടരുമെന്ന് പിജി ഡോക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കൂടുതല്‍ നോണ്‍ അക്കാദമിക്ക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനത്തിലും സ്റ്റൈപന്‍ഡ് വര്‍ധനവിലും സര്‍ക്കാര്‍ രേഖാമൂലം വ്യക്തത വരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ഇന്ന് സമരക്കാരുമായി ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടക്കും.
🔳കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി. പുനര്‍ നിയമനത്തിന് പ്രായപരിധി ബാധകമല്ല. സെലക്ട് കമ്മിറ്റി രൂപീകരിക്കണം എന്നുമില്ല. യുജിസി ചട്ടങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. പുനര്‍ നിയമനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗവര്‍ണറും, മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കത്തിടപാട് ഈ ഹര്‍ജിയുടെ പരിധിയില്‍ വരുന്നില്ലെന്നും അതിനാലാണ് ഈ രേഖകള്‍ വിളിച്ചു വരുത്തണമെന്ന അപേക്ഷ പരിഗണിക്കാത്തതെന്നും ഉത്തരവിലുണ്ട്. കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ സര്‍ക്കാരിന് വലിയ ആശ്വാസമാണ് ഹൈക്കോടതി വിധി.
🔳കണ്ണൂര്‍ വിസി നിയമനവിവാദത്തില്‍ എല്ലാറ്റിലും ഗവര്‍ണറെ പഴിചാരി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. താന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് പുറത്തുവന്നതിനെതിരെയും അവര്‍ ആഞ്ഞടിച്ചു. ”ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തില്‍ ചര്‍ച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട”, മന്ത്രി പറഞ്ഞു.
🔳മുല്ലപ്പെരിയാറില്‍ കേരളത്തിന് തിരിച്ചടി. മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
🔳ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് എഡിജിപിമാര്‍ക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. കെ പത്മകുമാര്‍, എസ് ആനന്ദ കൃഷ്ണന്‍, നിധിന്‍ അഗര്‍വാള്‍ എന്നിവരുടെ സ്ഥാനകയറ്റ ശുപാര്‍ശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവര്‍ ഓരോരുത്തരായി ഡിജിപിമാരാകും. ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ എഡിജിപിയാകും. ജനുവരി ഒന്നിന് ഉപാധ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കും. ഡിഐജിമാരായ പി പ്രകാശ്, കെ സേതുരാമന്‍, അനൂപ് ജോണ്‍ കുരുവിള എന്നിവര്‍ ജനുവരിയില്‍ ഐജിമാരാകും.
🔳വിവാഹ രജിസ്ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്ണ്‍ പി സതീദേവിയുടെ പ്രതികരണം. മതിയായ പക്വതയില്ലാതെ വിവാഹ ജീവിതം തുടങ്ങുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹത്തില്‍ കൂടുന്നുവെന്ന് പി സതീദേവി ചൂണ്ടിക്കാട്ടി.
🔳പിണറായി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ണമായും പ്രായോഗികമാണെന്നും, ഇപ്പോഴുള്ള അലൈന്‍മെന്റില്‍ ഏറ്റവും കുറവ് പാരിസ്ഥിതികാഘാതം മാത്രമേ സംഭവിക്കൂ എന്നും കെ റെയില്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ അഭിമാനപദ്ധതിയായി മുന്നോട്ടുവയ്ക്കുന്ന കെ റെയിലിന്റെ സമഗ്രപദ്ധതി രൂപരേഖ വെറും കെട്ടുകഥയാണെന്നും, ഇതിന് സാധ്യതകളില്ലെന്നും പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് അജിത് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
🔳തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് സരിത നായര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
🔳സ്‌കൂളുകള്‍ തന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതകളില്‍നിന്നും, ഞാനും അവനും വേറെയാണെന്ന ധാരണകളില്‍നിന്നും പുറത്തുകടക്കാന്‍ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജെന്‍ര്‍ ന്യൂട്രല്‍ യൂണിഫോം ഔപചാരികമായി ഉദ്ഘാടനം ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വാക്കുകള്‍. ശരീരത്തെപ്പറ്റി അധമബോധമില്ലാതെ ഇടപെടാന്‍ കഴിയുന്ന സാഹചര്യം പെണ്‍കുട്ടികള്‍ക്ക് എല്ലായിടത്തും ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
🔳ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ജന്‍ഡര്‍ എന്താണെന്ന് മനസിലാക്കാന്‍ കുട്ടികളെ സഹായിക്കുമെന്നും ജന്‍ഡര്‍ സ്റ്റീരിയോ ടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
🔳പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം.
🔳വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി മൂന്നാര്‍ സമര നായിക ഗോമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോമതി രാജി വിവരം അറിയിച്ചത്. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പര്‍ട്ടിയെന്ന് ഗോമതി പറഞ്ഞു. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ഫേസ്ബുക്ക് ലൈവില്‍ പറയുമെന്നും ഗോമതി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.
🔳കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കേരളം വ്യവസായ സൌഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും കോഴിക്കോടും മാളുകള്‍ സ്ഥാപിക്കും. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം നിര്‍മിക്കുമെന്നും, വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🔳ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് നദിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. അസ്വാരപേട്ടയില്‍ നിന്ന് തെലങ്കാനയിലെ ജംഗരെഡ്ഡിയുഡത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാലം കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ആറ് സ്ത്രീകളുള്‍പ്പെടെയാണ് എട്ടുപേര്‍ മരിച്ചത്.
🔳ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ഗോവന്‍ മന്ത്രി രാജിവച്ചു. ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കാണ് ആണ് രാജിവെച്ചത്. മന്ത്രി ഓഫീസില്‍ വെച്ച് ബിഹാറില്‍ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചത്. തെളിവുകളടക്കം കൈവശമുണ്ടെന്ന് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയുടെ രാജി.
🔳2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെടുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
🔳2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. 38 രാജ്യങ്ങളില്‍ നിന്നും 42,000 പേരുടെ അഭിപ്രായങ്ങള്‍ എടുത്താണ് യുഗോവ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടിക പ്രകാരം ആദ്യത്തെ അഞ്ച് സ്ഥാനത്ത് ബാരാക് ഒബാമ, ബില്‍ഗേറ്റ്സ്, ഷി ജിന്‍പിങ്, ക്രിസ്റ്റ്യാനോ റൊണാല്‍ഡോ, ജാക്കി ചാന്‍ എന്നിവരാണ്. മോദിക്ക് മുന്നില്‍ ആറ് ഏഴ് സ്ഥാനങ്ങളില്‍ യഥാക്രമം ടെസ്ല മേധാവി ഇലോണ്‍ മസ്‌കും, ഏഴാം സ്ഥാനത്ത് ലെയണല്‍ മെസിയുമാണ്.
🔳ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി. 86-ാം മിനിറ്റില്‍ രാഹുല്‍ ഭേകെയുടെ ഹെഡര്‍ ഗോളിലായിരുന്നു മുംബൈയുടെ ജയം. ജയത്തോടെ മുംബൈ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ആറ് മത്സരങ്ങളില്‍ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമതാണ്.
🔳അര്‍ജന്റൈന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 33കാരന്‍. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ബാഴ്സലോണയില്‍ വെച്ചാണ് അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
🔳കേരളത്തില്‍ ഇന്നലെ 65,704 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,626 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3898 പേര്‍ രോഗമുക്തി നേടി. ഇതോടെ 35,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70.
🔳ആഗോളതലത്തില്‍ ഇന്നലെ 6,53,418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,01,870 പേര്‍ക്കും ഇംഗ്ലണ്ടില്‍ 78,610 പേര്‍ക്കും റഷ്യയില്‍ 28,363 പേര്‍ക്കും ഫ്രാന്‍സില്‍ 65,713 പേര്‍ക്കും ജര്‍മനിയില്‍ 55,650 പേര്‍ക്കും സ്പെയില്‍ 27,140 പേര്‍ക്കും ഇറ്റലിയില്‍ 23,195 പേര്‍ക്കും പോളണ്ടില്‍ 24,266 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 26,389 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.23 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.23 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,110 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,311 പേരും റഷ്യയില്‍ 1,142 പേരും ജര്‍മനിയില്‍ 509 പേരും പോളണ്ടില്‍ 669 പേരും ഉക്രെയിനില്‍ 356 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.44 ലക്ഷമായി.
🔳ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2017-18 മുതല്‍ 2021 ഒക്ടോബര്‍ വരെ ഉപഭോക്താക്കളില്‍ നിന്ന് 346 കോടി രൂപ സമാഹരിച്ചു. അധിക ചാര്‍ജുകള്‍ ഇല്ലെന്ന് പറയുന്ന ബേസിക് സേവിങ്‌സ് അക്കൗണ്ടുകള്‍, ജന്‍ധന്‍ അക്കൗണ്ട് എന്നിവയിലെ സര്‍വീസ് ചാര്‍ജ് ഇനത്തിലാണ് ഇത്രയും തുക ഈടാക്കിയത്. 2017-18 മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 345.84 കോടി രൂപയാണ് ഫീസായി ഈടാക്കിയിരിക്കുന്നത്. ചില ഓണ്‍ലൈന്‍, ഇലക്ട്രോണിക് ഇടപാടുകള്‍ക്കും ഇത്തരത്തില്‍ അധിക ഫീസ് ഈടാക്കിയിട്ടുണ്ട്.
🔳കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മൂന്നുമാസ കാലയളവില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ പ്രതിദിനം 150ലേറെ സര്‍വിസുകളുമായി കോവിഡ് പൂര്‍വ കാലഘട്ടത്തിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ് സിയാല്‍. എയര്‍പോര്‍ട്ട് സ്ഥിതി വിവര കണക്ക് അനുസരിച്ച്, 2021 സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍ സിയാല്‍ 11,891 വിമാന സര്‍വിസുകളാണ് കൈകാര്യം ചെയ്തത്. ഇത് മുന്‍ കാലയളവിനേക്കാള്‍ 62 ശതമാനം കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തില്‍ 2020ലെ കാലയളവിനെ അപേക്ഷിച്ച് 2021 സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍ വിമാനത്താവളം 110 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021 ഡിസംബര്‍ 10ന് 23,029 യാത്രക്കാരും 154 വിമാനങ്ങളുമായി കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഉയര്‍ന്ന ട്രാഫിക്കിന് സാക്ഷ്യം വഹിച്ചു.
🔳സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ‘എതര്‍ക്കും തുനിന്തവന്‍’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘വാടാ തമ്പി’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കാണ് പുറത്തുവിട്ടിരിക്കുന്നത്. യുവ സംഗീതസംവിധായകരായ ജി.വി. പ്രകാശും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ഫെബ്രുവരി 4ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. സംവിധായകന്‍ വിഗ്നേഷ് ശിവന്റെ വരികള്‍ക്ക് ഡി.ഇമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ് ഡപ്പാംകൂത്ത് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിനിടക്ക് സൂര്യ ചുവടുവെക്കുന്ന ദൃശ്യങ്ങളും ചിത്രീകരണവും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
🔳ഷെയ്ന്‍ നിഗം ചിത്രം ‘ബര്‍മുഡ’ പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. ‘ബര്‍മുഡ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. ഷെയിന്‍ നിഗത്തിന്റെ ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബര്‍മുഡ ചിത്രത്തിന്റെ ബിഹൈന്റ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ബര്‍മുഡ’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ പേരും ഫോട്ടോയും ഉള്‍പ്പെടുത്തിയതാണ് വീഡിയോ. കൃഷ്ണ ദാസ് പങ്കിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഷെയ്ന്‍ നിഗത്തിന് ഒപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ‘ബര്‍മുഡ’ എന്ന ചിത്രത്തിനായി മോഹന്‍ലാല്‍ ഒരു ഗാനം ആലപിച്ചിരുന്നു.
🔳ഈ വര്‍ഷം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 5,000 മോട്ടോര്‍സൈക്കിള്‍ ഡെലിവറി ചെയ്ത് ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 100% വളര്‍ച്ച കൈവരിച്ചെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ മൊത്തം വാര്‍ഷിക വില്‍പ്പനയുടെ 90% വിഹിതം നേടിയെടുത്ത ‘മെയിഡ് ഇന്‍ ഇന്ത്യ’ ബിഎംഡബ്ല്യു ജി 310 ആര്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് മോട്ടോര്‍സൈക്കിളുകളാണ് വില്‍പ്പന അളവ് പ്രധാനമായും നയിച്ചത്.
🔳ആഴമേറിയ വിഷാദങ്ങളില്‍നിന്നും പ്രണയത്തിന്റെ വിശുദ്ധ ഭംഗികള്‍ വിരിയിക്കുന്ന മാന്ത്രികഭാവന. ലോകസാഹിത്യത്തിലെ എക്കാലത്തെയും മഹാപ്രതിഭകളില്‍ ഒരാളായ റഷ്യന്‍ വിസ്മയം ദസ്തയേവ്സ്‌കിയെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ നോവല്‍. 2018-ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവര്‍ത്തനപുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ മൊഴിമാറ്റം. ‘ഒന്നുമില്ലാത്തവര്‍’. ഫയദോര്‍ ദസ്തയേവ്സ്‌കി. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍. എച്ച് &സി ബുക്സ്. വില 180 രൂപ.
🔳ഒമിക്രോണിനെതിരെ ഫൈസര്‍ പ്രതിരോധ ഗുളിക 90 ശതമാനം ഫലപ്രദമാണെന്ന് പുതിയ പഠനം. ഫൈസര്‍ ആന്റി വൈറല്‍ കൊവിഡ് ഗുളിക അതിവേഗം പടരുന്ന ഒമിക്രോണ്‍ വേരിയന്റിനെതിരെ അതിന്റെ ഫലപ്രാപ്തി നിലനിര്‍ത്തുന്നുവെന്ന് സമീപകാല ലാബ് ഡാറ്റ സൂചിപ്പിക്കുന്നു. ആന്റി വൈറല്‍ കൊവിഡ് 19 ഗുളിക ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ ആശുപത്രിവാസവും മരണവും തടയുന്നതില്‍ ഇപ്പോഴും 90 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു. ഏകദേശം 1,200 പേരുടെ ഇടക്കാല ഫലങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ഓറല്‍ മെഡിസിന്‍ ആശുപത്രിവാസമോ മരണമോ തടയുന്നതില്‍ 89 ശതമാനം ഫലപ്രദമാണെന്ന് യുഎസ് മരുന്ന് നിര്‍മ്മാതാവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫൈസര്‍ ചികിത്സ ലഭിച്ച ട്രയലില്‍ ആരും മരണപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് തൊട്ടുപിന്നാലെ അഞ്ച് ദിവസത്തേക്ക് ഓരോ 12 മണിക്കൂറിലും ആന്റിവൈറല്‍ ഫൈസര്‍ ഗുളികകള്‍ നല്‍കി. 600 മുതിര്‍ന്നവരില്‍ 70 ശതമാനം ആശുപത്രിവാസത്തെ ചികിത്സ കുറച്ചതായി കാണിക്കുന്ന രണ്ടാമത്തെ ക്ലിനിക്കല്‍ ട്രയലില്‍ നിന്നുള്ള ആദ്യകാല ഡാറ്റയും ഫൈസര്‍ പുറത്തുവിട്ടു.
*ശുഭദിനം*
ആ കാട്ടിലെ കുറുക്കന് ഭയങ്കര സംശയം. എന്തുകൊണ്ടാണ് ഈ മനുഷ്യന് മാത്രം ഇത്രയും പ്രത്യേകത. അവന്‍ എല്ലാ മൃഗങ്ങളേയും അടിമകളാക്കി ജീവിക്കുന്നു. കുറുക്കന്‍ തന്റെ ഈ സംശയം കാട്ടിലെ എല്ലാ മൃഗങ്ങളോടും പറഞ്ഞു. അവരും കുറുക്കന്റെ സംശയത്തോട് ന്യായീകരിച്ചു. അവസാനം കാട്ടിലെ സന്യാസിയെ കണ്ട് സംശയനിവാരണം വരുത്താന്‍ അവര്‍ തീരുമാനിച്ചു. അവര്‍ സന്യാസിയോട് ചോദിച്ചു: എന്തുകൊണ്ടാണ് മനുഷ്യന് ഞങ്ങളെയെല്ലാം മെരുക്കാനുള്ള ശക്തികൊടുത്തത്. സന്യാസി പറഞ്ഞു: മനുഷ്യന് തന്റെ ദുഷ്ടസ്വഭാവം മാറ്റിയെടുക്കാന്‍ കഴിയും. നിങ്ങള്‍ക്ക് അതിന് കഴിവില്ല. അതുകൊണ്ടാണ് മറ്റെല്ലാ ജീവികളേയും നിയന്ത്രിക്കാന്‍ അവന് കഴിഞ്ഞത്. അപ്പോള്‍ കുറുക്കന്‍ ചോദിച്ചു: ദുഷ്ടസ്വഭാവം മനുഷ്യന്‍ മാററുന്നില്ലെങ്കിലോ..? അപ്പോഴവന്‍ മൃഗതുല്യനാകും. എന്ന് സന്യാസി പറഞ്ഞു. മറ്റാരു വശം കൂടിയണ്ട് . സന്യാസി തുടര്‍ന്നു. സത്യത്തില്‍ ദുഷ്ടരായ മനുഷ്യരെ മൃഗങ്ങളോട് താരതമ്യപ്പെടുത്തുന്നതാണ് അവരോട് കാണിക്കുന്ന അവഹേളനം. ആഹാരത്തിന് വേണ്ടിയല്ലാതെ വിനോദത്തിന് വേണ്ടി വേട്ടക്കാരനാകുന്ന ഒരു മൃഗവും ഉണ്ടാകില്ല. ആവാസവ്യവസ്ഥയെ തന്നിഷ്ടപ്രാകാരം നശിപ്പിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതില്‍ മൃഗങ്ങളെ നോക്കി പഠിക്കുകയാണ് വേണ്ടത്. അവര്‍ മറ്റൊരു മൃഗമാകാന്‍ ഒരിക്കലും ശ്രമിക്കാറില്ല. സന്യസി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു.: ആകാരഭംഗികൊണ്ട് നമുക്ക് ആരെയും അളക്കാനാകില്ല. എന്തെല്ലാം അധികമായി ലഭിച്ചു എന്നതിലല്ല, ലഭിച്ചവകൊണ്ട് അവര്‍ അധികമായി എന്ത് ചെയ്തു എന്നതിലാണ് കാര്യം – *ശുഭദിനം.*
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼