ലൈംഗികാതിക്രമം നടത്തിയ പിതാവിനെ കൊലപ്പെടുത്തി
ബാംഗ്ലൂർ:
ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍. കര്‍ണാടകയില്‍ ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ പിതാവായ ദീപക് എന്ന 45കാരനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്.
ബിഹാര്‍ സ്വദേശിയായ ദീപക് ജി.കെ.വി.കെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. രണ്ടു പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് താമസം. സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയാണ് മൂത്തമകള്‍. ഇളയമകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദീപകിന് രണ്ടു ഭാര്യമാരുണ്ടെന്നും ആദ്യ ഭാര്യ ബിഹാറിലാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മൂത്ത മകളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ഇക്കാരണത്താല്‍ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ദീപക് വീണ്ടും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നപ്പോഴാണ് വിവരം അറിയാവുന്ന സുഹൃത്തുക്കളെ വിവരമറിയിച്ച് പെണ്‍കുട്ടി കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.