ശീതകാല സമ്മേളനത്തിനു മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ 11നാണ് യോഗം.
യോഗത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കൽ, മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണമെന്ന കർഷകരുടെ ആവശ്യം, അന്വേഷണ ഏജൻസികളുടെ മേധാവിമാരുടെ കാലാവധി നീട്ടിയത് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേദിവസം വൈകുന്നേരം ബിജെപി പാർലമെന്ററി എക്സിക്യൂട്ടീവ് യോഗം ചേരും. ഉച്ചകഴിഞ്ഞ് എൻഡിഎ നേതാക്കളുടെ യോഗം ചേരുമെന്നും സൂചനയുണ്ട്. ഈ യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ശീതകാല സമ്മേളനത്തിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്. അതിനുള്ള ബിൽ ബുധനാഴ്ച മന്ത്രിസഭ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിളകളുടെ മിനിമം താങ്ങുവില സംബന്ധിച്ച നിയമമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം പിൻവലിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു.