ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തിയത് വൻ മരം; കൃത്യമായ ഇടപെടലിൽ വഴിമാറിയത് വൻ ദുരന്തം
ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറിന്റെ സമീപത്തേക്ക് ഒഴുകി എത്തിയത് വൻ മരം. കെ എസ് ഇ ബിയുടെ അതിവേഗത്തിലുള്ള ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വലിയ മരം ഷട്ടറിന്റെ ഭാഗത്തേക്ക് ഒഴുകി വന്നത്.
അണക്കെട്ടിന്റെ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസുകാരനാണ് എന്തോ ഒഴുകി വരുന്നതായി ആദ്യം കണ്ടത്. ആന നീന്തുന്നതാണെന്ന് ആദ്യം സംശയം തോന്നി. പിന്നീട് നോക്കിയപ്പോഴാണ് വലിയ മരമാണെന്ന് മനസ്സിലായത്. ഉടനെ വിവരം കെ എസ് ഇ ബി അസി. എൻജിനീയർക്ക് കൈമാറി
ഷട്ടർ തുറന്നുകിടക്കുന്നതിനാൽ മരം ഇതിൽ കുടുങ്ങുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ഷട്ടർ അടയ്ക്കാൻ സേഫ്റ്റി എൻജിനീയറെ വിളിച്ചു. ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ ഷട്ടർ അടയ്ക്കാനാകില്ല. തുടർന്ന് ജില്ലാ കലക്ടറെ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി ഷട്ടർ അടയ്ക്കാനുള്ള ഉത്തരവ് വാങ്ങിച്ചു. അപ്പോഴേക്കും മരം ഷട്ടറിന് അടുത്ത് വരെ എത്തിയിരുന്നു
ഷട്ടർ അടച്ച ശേഷം ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. മരം ഷട്ടറിൽ കുടുങ്ങിയിരുന്നുവെങ്കിൽ ഷട്ടർ നാല് മീറ്ററെങ്കിലും ഉയർത്തേണ്ടി വരുമായിരുന്നു. കൂടാതെ ജലനിരപ്പ് 2373 അടിയിലേക്ക് താഴെ എത്തിച്ചാൽ മാത്രമേ മരം പുറത്തെടുക്കാനും സാധിക്കുമായിരുന്നുള്ളു. ഇത് മഹാ പ്രളയത്തിന് തന്നെ വഴിവെക്കുമായിരുന്നു.