അമിതമായി ഓറഞ്ച് കഴിക്കുന്നവരെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ
മധുരമുള്ള പുളി സമ്മാനിക്കുന്ന ഓറഞ്ച് ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാകില്ല. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്നതും ശരി. എന്നുവച്ച് ഓറഞ്ച് വലിച്ചു വാരി തിന്നുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
100 ഗ്രാം ഓറഞ്ചില്‍ 47 ഗ്രാം കാലറിയും 87 ഗ്രാം വെള്ളവും 0.9 ഗ്രാം പ്രോട്ടീനും 11.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 9.4 ഗ്രാം പഞ്ചസാരയും 2.4 ഗ്രാം ഫൈബറും വൈറ്റമിന്‍ സിയുടെ 76 ശതമാനം പ്രതിദിന മൂല്യവും ഉണ്ടെന്ന് കണക്കാക്കുന്നു. ഇത്രയധികം പോഷണങ്ങളുണ്ടെങ്കിലും ഇത് മിതമായ തോതില്‍ കഴിക്കേണ്ട ഒരു പഴമാണ്.
ദിവസം നാലും അഞ്ചും ഓറഞ്ച് തിന്നുന്നത് ഫൈബര്‍ അമിതമായി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് വയര്‍വേദന, പേശീവലിവ്, അതിസാരം, വായുകോപം, മനംമറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. വൈറ്റമിന്‍ സി അമിതമായി കഴിക്കുന്നത് നെഞ്ചിരിച്ചിലിനും ഛര്‍ദ്ദിക്കും ഉറക്കക്കുറവിനും ഹൃദയാഘാതത്തിനും വരെ കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ലക്സ് ഡിസീസ് അഥവാ ജെര്‍ഡ് എന്ന അവസ്ഥ നേരിടുന്നവര്‍ ഓറഞ്ചുകള്‍ കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷം മാത്രമാകണം. പൊട്ടാസ്യം തോത് കൂടുതലുള്ളവരും ഓറഞ്ച് കഴിക്കും മുന്‍പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. കാരണം ഇത്തരക്കാരില്‍ ഉയര്‍ന്ന പൊട്ടാസ്യം തോതുള്ള ഓറഞ്ച് ഹൈപര്‍കലീമിയ എന്ന രോഗാവസ്ഥ ഉണ്ടാക്കും. ദിവസം ഒന്നോ രണ്ടോ ഓറഞ്ചില്‍ കൂടുതല്‍ ഒരാള്‍ കഴിക്കരുതെന്നും ഡയറ്റീഷന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.