പിരിവിനെത്തിയ ആൾ വീട്ടിൽ കയറി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു: മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്
കൊല്ലം: അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ വീട്ടിൽ കയറി എട്ടുവയസുകാരിയെ പീഡിപ്പിച്ചു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബ്(52)ആണ് അറസ്റ്റിലായത്.
അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളി ഇടവനശേരിയിൽ എത്തിയതായിരുന്നു ഇയാൾ. മഴ പെയ്തപ്പോൾ ഒരു വീട്ടിൽ കയറി. മഴ പോകുന്നത് വരെ ഇയാൾ ഇവിടെ തങ്ങി. ഇതിനിടയിൽ കൊണ്ടുവന്ന ഭക്ഷണപ്പൊതി വീട്ടുകാരുടെ അനുവാദത്തോടെ ഇവിടെയിരുന്ന് കഴിച്ചു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. ടിവി കാണാനെന്ന മട്ടില്‍ അകത്തു കടന്ന ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
പിതാവ് മരുന്നു കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു. ഇളയസോഹദരൻ വിവരം അറിഞ്ഞില്ല. വൈകുന്നേരം പെൺകുട്ടിയുടെ അമ്മ എത്തിയപ്പോൾ കുട്ടി, ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കി. ഉടൻ തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. രാത്രി ഒന്‍പതിന് ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഭയകേന്ദ്രത്തിലെ നോട്ടീസ് ആണ് നിർണായകമായത്. അന്വേഷണത്തിൽ നോട്ടീസ് നൽകാൻ പോകുന്നവരിൽ രണ്ട് പേര് സ്ത്രീകളാണെന്നും ബാക്കിയുള്ള ഒരാൾ അബ്ദുൾ വഹാബ് ആണെന്നും വ്യക്തമായി. പൊലീസ് അന്വേഷിച്ച് വാടക വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടി അടയാളം പറഞ്ഞ അതേ വസ്ത്രത്തില്‍ തന്നെയായിരുന്നു പ്രതി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അബ്ദുൾ വഹാബിനെതിരെ പൊലീസ് കേസെടുത്തത്.