Friday, January 10, 2025
Kerala

ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു

വിഖ്യാത അര്‍ബുദ രോഗ ചികിത്സാവിദഗ്ധന്‍ ഡോ.എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശകസമിതി അംഗമായി ഒരു ദശകത്തിലേറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമായിരുന്നു.

ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. 1961 ലാണ് കേരള സര്‍വകലാശാലയില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടുന്നത്. 1968 ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തരബിരുദം നേടി. 1972 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിയില്‍ നിന്ന് ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി.

ആര്‍.സി.സിയുടെ വളർച്ചയിൽ അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *