ഫേസ്ബുക്ക് പേര് മാറ്റുന്നത് എന്തിന്; എന്താണ് മെറ്റാവേഴ്‌സ്: പുതിയ പേരെന്താവും
ഫേസ്ബുക്ക് പേര് മാറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 28-നോ അതിനുമുന്‍പോ നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കുമെന്നും ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘മെറ്റാവേഴ്‌സ്’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം എന്നാണ് റിപ്പോര്‍ട്ട്.
‘ഉത്തരവാദിത്തമുള്ള’ മെറ്റാവേഴ്സ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 50 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ ഫേസ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെറ്റാവേഴ്സ് പദ്ധതികളുടെ ഭാഗമായി യൂറോപ്പില്‍ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫേസ്ബുക്കിനു പദ്ധതിയുണ്ട്.
ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ്’ ആണ് മെറ്റാവേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. മെറ്റാവേഴ്‌സ് സാധ്യമാക്കുന്നതിനായി അഞ്ച് കോടി ഡോളറാണ് ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് പൂര്‍ണമായുമൊരു ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയാണ്. മിക്ക സിലിക്കണ്‍ വാലി ബുദ്ധിജീവികളും മെറ്റാവേഴ്സ് ലോകത്തെ കാണുന്നത് ഇത് ഡിജിറ്റലായും ഭൗതികമായും നിലനില്‍ക്കുമെന്നാണ്.
ഇന്റര്‍നെറ്റിന്റെ ഭാവിയെന്നാണ് മെറ്റാവേഴ്‌സിനെ ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വിശേഷിപ്പിക്കുന്നത്. മെറ്റാവേഴ്‌സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്‌സ് സംഘം പ്രവര്‍ത്തിക്കുക.
മെറ്റാവേഴ്സ് തീര്‍ച്ചയായും ഒരു പുതിയ ലോക ക്രമമായി വിഭാവനം ചെയ്യപ്പെടുന്നു. അവിടെ നിങ്ങളുടെ സേവനങ്ങള്‍ മറ്റ് വിര്‍ച്വല്‍ സ്വത്തുക്കള്‍ അല്ലെങ്കില്‍ ക്രിപ്റ്റോകറന്‍സികള്‍ക്കു പകരമായി നല്‍കാം. നിങ്ങളുടെ അസ്തിത്വം ഡിജിറ്റല്‍ ലോകവുമായി കൂടുതല്‍ ആഴത്തിലും സങ്കീര്‍ണവുമായി ബന്ധിക്കപ്പെടും.
ഫെയ്സ്ബുക്കിന്റെ ഭാവിക്ക് മെറ്റാവേഴ്സ് നിര്‍ണായകമാണ്. അത് എന്തുകൊണ്ടെന്നു സങ്കല്‍പ്പിക്കാന്‍ പ്രയാസമുള്ളതല്ല. കൂടുതല്‍ സമയവും സുഹൃത്തുക്കളുമായി സംവദിക്കാന്‍ ചെലവഴിക്കുന്ന ഒരു ഡിജിറ്റല്‍ ലോകത്ത് വെര്‍ച്വല്‍ ആസ്തികള്‍ക്ക് ഉയര്‍ന്ന പ്രാധാന്യമുണ്ട്. അവിടെ നിയമങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. തീര്‍ച്ചയായും, ഇതാണു ഫെയ്സ്ബുക്ക് ആഗ്രഹിക്കുന്നത്. കൂടാതെ ഫെയ്സ്ബുക്കിന് സ്വന്തമായി ഒക്കുലസ് വിആര്‍ ഗെയിമിങ് പ്ലാറ്റ്ഫോം ഉണ്ട്. ഇത് മെറ്റാവേഴ്‌സിലേക്കുള്ള ഒരു കവാടമാണെന്ന് അത് തെളിയിക്കും.
ഇതിനോടകം തന്നെ ഫേസ്ബുക്കിന് പല പേരുകളാണ് ഉയര്‍ന്നു വന്നത്. എഫ്.ബി. എന്ന ചുരുക്ക പേര് മുതല്‍ ദി ഫെയ്സ്ബുക്ക് എന്ന പേര് വരെ ആളുകള്‍ പറയുന്നുണ്ട്. ഹൊറൈസണ്‍ എന്ന പേരും ആളുകള്‍ നിര്‍ദേശിക്കുന്നു. മെറ്റാ വേഴ്സ് കമ്പനിയായതിനാല്‍ മെറ്റാ എന്ന വാക്ക് കൂടി ചേര്‍ന്ന പേരായിരിക്കും എന്നും ആളുകള്‍ പറയുന്നു.