എന്‍ ഡി ആര്‍ എഫ് സംഘം ആലപ്പുഴയിലേക്ക്; പ്ലാപ്പള്ളിയിലും കൊക്കയാറിലും തിരച്ചില്‍ പുനരാരംഭിച്ചു
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇനിയും ആളുകളെ കണ്ടെത്താനുള്ളഴ ഇടുക്കി കൊക്കയാറിലും കോട്ടയം പ്ലാപ്പള്ളി മേഖലയിലും തിരിച്ചില്‍ പുനരാരംഭിച്ചു. കൊക്കയാറില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചുവടക്കം രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്.
ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇന്ന് പ്ലാപ്പള്ളി മേഖലയില്‍ തെരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. ഇന്നലെ കണ്ടെത്തിയ അലന്റെ മൃതദേഹത്തിനൊപ്പമുണ്ടായ മൃതദേഹാവശിഷ്ടം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയാണ് കാല്‍പാദം കണ്ടെത്തിയത്.
അതിനിടെ കോട്ടയത്ത് തിരച്ചില്‍ ഏര്‍പ്പെട്ടിരുന്ന എന്‍ ഡി ആര്‍ എഫ് സംഘം വലിയ വെള്ളക്കെട്ട് രൂപപ്പെട്ട ആലപ്പുഴയിലേക്ക് മാറിയിരിക്കുകയാണ്. പ്ലാപ്പള്ളിയില്‍ കൂട്ടിക്കല്‍, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളില്‍ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. പുലര്‍ച്ചെയോടെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ ഉടന്‍ തിരികെയെത്തരുതെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.
ദുരന്തത്തില്‍ മരിച്ചവരുടെ മുഴുവന്‍ മൃതദേഹവും കണ്ടെത്തിയെന്ന നിഗമനത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. കൂട്ടിക്കലില്‍ മരിച്ച സോണിയയുടെയും റോഷ്നിയുടെയും മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു.