Thursday, January 23, 2025
Top News

പ്രഭാത വാർത്തകൾ

 

🔳പെരുമഴയില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്. കൂട്ടിക്കലില്‍ രണ്ടിടത്തായി നടന്ന ഉരുള്‍പൊട്ടലില്‍ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 8 പേരെ കാണാതായി. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്. മന്ത്രിമാരായ വിഎന്‍ വാസവനും കെ രാജനും കോട്ടയത്ത് ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

🔳സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

🔳കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടിലില്‍ മരിച്ചത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.

🔳ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തു. പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിച്ചു.

🔳സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. വന്‍ നാശം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊന്‍കുന്നം ഡിവിഷന് കീഴില്‍ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകര്‍ന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാര്‍ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയില്‍ മാത്രം 60 ട്രാന്‍സ്ഫോര്‍മറുകള്‍ കെഎസ്ഇബി ഓഫാക്കി.

🔳കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

🔳മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങള്‍ ഇന്നലെ രാത്രി നെടുമ്പാശേരിയിലിറക്കി. എയര്‍ അറേബ്യയുടെ ഷാര്‍ജ- കരിപ്പൂര്‍ വിമാനത്തില്‍ 35 യാത്രക്കാരും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം വിമാനത്തില്‍ 175 യാത്രക്കാരുമുണ്ടായിരുന്നു. കരിപ്പൂരും മംഗലാപുരത്തും മഴ കനത്തതാണ് വിമാനം തിരിച്ചു വിടാന്‍ കാരണം.

🔳സിംഗുവിലെ കൊലപാതകം ചൂണ്ടിക്കാട്ടി സമരക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കൊവിഡ് ഭീഷണി മാത്രമല്ല, സ്ത്രീയെ ബലാല്‍സംഗം ചെയ്തും യുവാവിനെ തല്ലിക്കൊന്നും കര്‍ഷക സമരത്തിന്റെ പേരില്‍ വലിയ അതിക്രമം നടക്കുന്നു എന്നാണ് സ്വാദി ഗോയല്‍, സഞ്ജീവ് നേവാര്‍ എന്നിവര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ഈ രീതിയില്‍ സമരം തുടരുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.

🔳കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് നേതാക്കളുടെ ആവശ്യത്തോട് രാഹുല്‍ അനുകൂലമായി പ്രതികരിച്ചത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും പരിഗണിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ 20നും ഇടയില്‍ കോണ്‍ഗ്രസ് ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും വര്‍ക്കിങ് കമ്മിറ്റിയില്‍ ധാരണയായി.

🔳നീണ്ട ഇടവേളയ്ക്ക് ശേഷം സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്. അംഗത്വ ക്യാംപെയ്ന് ശേഷമായിരിക്കും പാര്‍ട്ടിയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തിന് വഴി തുറക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി കടക്കുക. ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാവും പുതിയ എഐസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുക. സമീപകാലത്ത് പുതിയ പിസിസി അധ്യക്ഷന്‍മാരേയും സമിതികളേയും പ്രഖ്യാപിച്ച കേരളത്തിലടക്കം സംഘടനാ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരളത്തില്‍ പുതിയ മണ്ഡലം കമ്മിറ്റികളും പുതിയ ഡിസിസി അധ്യക്ഷന്‍മാരും പുതിയ കെപിസിസി അധ്യക്ഷനും നിര്‍വാഹക സമിതിയും തെരഞ്ഞെടുപ്പിലൂടെ വരും. നിലവിലെ ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പദവി നിലനിര്‍ത്തേണ്ടി വരും.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 14,073 കോവിഡ് രോഗികളില്‍ 7,955 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 146 മരണങ്ങളില്‍ 57 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1,89,342 സജീവരോഗികളില്‍ 90,949 രോഗികള്‍ കേരളത്തിലാണുള്ളത്.

🔳51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍, ചിത്രം – എന്നിവര്‍. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുധീഷ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ശ്രീരേഖയാണ് മികച്ച സ്വഭാവനടി, ചിത്രം-വെയില്‍.

🔳പാനൂരില്‍ ഒന്നര വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഷിജു പിടിയിലായി. മട്ടന്നൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒന്നര വയസുകാരി അന്‍വിതയെയും അമ്മ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാര്‍ രക്ഷിച്ചുവെങ്കിലും അന്‍വിത മരിച്ചു. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിരയായ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ച എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെന്റ് ചെയ്തു. കേസന്വേഷണത്തിന് ദില്ലിയില്‍ പോകാന്‍ മാതാപിതാക്കളില്‍ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. കൈക്കൂലി ആരോപണത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു.

🔳നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി ഒഴിവാക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും സര്‍വേ നടപടികളുമായി മുന്നോട്ടുപോകാനും സമിതി ആവശ്യപ്പെട്ടു.

🔳ഉല്‍പാദനക്ഷമതക്കുറവുള്ള കാളകളെ ഷണ്ഡവല്‍ക്കരിക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍. 12 ലക്ഷം കാളകളെ വരിയുടയ്ക്കുന്നതിനായി ബഡ്ജറ്റില്‍ 12 കോടി രൂപയും ശിവരാജ് സിംഗ് ചൌഹാന്‍ സര്‍ക്കാര്‍ നീക്കി വച്ചിരുന്നു. എന്നാല്‍ തദ്ദേശീയ ഇനങ്ങള്‍ ഇത്തരത്തിലെ വ്യാപക വരിയുടയ്ക്കലിലൂടെ അന്യം നിന്നുപോകുമെന്നാണ് ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍ ആരോപിക്കുന്നത്. പ്രഗ്യയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കൂടി രംഗത്ത് എത്തിയതോടെ നിര്‍ബന്ധിത വരിയുടയ്ക്കലിനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് മധ്യപ്രദേശ്.

🔳നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് കിരീടം. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, സുരേഷ് സിംഗ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്ന് ഗോളുകളും പിറന്നത്.

🔳അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഛേത്രി ഈ അപൂര്‍വമായ നേട്ടം സ്വന്തമാക്കിയത്.

🔳ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ സാധ്യതയുള്ള മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് റെക്കോഡ് തുക പ്രതിഫലമെന്ന് സൂചന. 10 കോടി രൂപയാണ് ഇവിടെ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെയാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ടി20 ലോകകപ്പിന് ശേഷമാണ് ദ്രാവിഡ് ഉത്തരവാദിത്തം ഏറ്റെടുക്കുക. നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയില്‍ ദ്രാവിഡ് സ്ഥാനമേറ്റെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

🔳ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വരുന്നതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടി20 ലോകകപ്പിന് മുന്നോടിയായി ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ദ്രാവിഡ് പരിശീലകനാവുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കോലി പറഞ്ഞത്. ദ്രാവിഡ് പരിശീലകനായി വരുന്നതിനെക്കുറിച്ച് ആരുമായും ഇതുവരെ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ടി20 ലോകകപ്പില്‍ മുന്‍ നായകന്‍ എം എസ് ധോണി മെന്ററായി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും കോലി പറഞ്ഞു.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. വാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിറ്റി ബേണ്‍ലിയെ കീഴടക്കി.
എന്നാല്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ലെസ്റ്റര്‍ സിറ്റി രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡിനെ കീഴടക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 79,722 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,791 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,769 പേര്‍ രോഗമുക്തി നേടി. ഇതോടെ 90,885 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 45.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117.

🔳രാജ്യത്ത് ഇന്നലെ 14,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 19,785 പേര്‍ രോഗമുക്തി നേടി. മരണം 146. ഇതോടെ ആകെ മരണം 4,52,156 ആയി. ഇതുവരെ 3,40,66,760 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.89 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,553 പേര്‍ക്കും തമിഴ്നാട്ടില്‍ 1,233 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,31,390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 30,390 പേര്‍ക്കും ഇംഗ്ലണ്ടില്‍ 43,423 പേര്‍ക്കും റഷ്യയില്‍ 33,208 പേര്‍ക്കും തുര്‍ക്കിയില്‍ 28,537 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.11 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.78 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,091 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 429 പേരും റഷ്യയില്‍ 1002 പേരും മെക്സിക്കോയില്‍ 434 പേരും ബ്രസീലില്‍ 425 പേരും റൊമാനിയില്‍ 363 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.09 ലക്ഷം.

🔳സെപ്റ്റംബറില്‍ ഇന്ത്യ നടത്തിയത് 3379 കോടി ഡോളറിന്റെ കയറ്റുമതി. തൊട്ടു മുന്‍ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 22.63 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന മേഖലകളെല്ലാം നേട്ടം കൊയ്തിട്ടും കനത്ത ഇറക്കുമതി കാരണം വ്യാപാരക്കമ്മി 2259 കോടി ഡോളറായി കുതിച്ചുയര്‍ന്നു. ഇതു റെക്കോര്‍ഡ് ആണ്. പെട്രോളിയം, സ്വര്‍ണം ഇറക്കുമതിയിലെ വര്‍ധനയാണ് കനത്ത വ്യാപാരക്കമ്മിയുടെ മുഖ്യ കാരണം. 5639 കോടി ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞമാസം നടത്തിയത്. വര്‍ധന 84.77 ശതമാനം.

🔳2024 ഓടെ ഇന്ത്യയിലെ ഇ-കൊമേഴ്സ് വ്യവസായം 84 ശതമാനം വളര്‍ച്ച നേടുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മേഖലയുടെ വളര്‍ച്ച 111 ബില്യണ്‍ യുഎസ് ഡോളറാകും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അഞ്ച് ഇ-കൊമേഴ്സ് ആപ്പുകളില്‍ നിന്ന് മാത്രമായി ഇന്ത്യക്കാര്‍ 60 മില്യണ്‍ യുഎസ് ഡോളറിന്റെ സാധനങ്ങളാണ് വാങ്ങിയത്. ഇന്ത്യോനേഷ്യ, മലേഷ്യ, തായ്ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ ആകെ വില്‍പ്പന ഒരുമിച്ച് കൂട്ടിയാല്‍ പോലും ഇന്ത്യയ്ക്ക് ഒപ്പമെത്താന്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

🔳മാത്യു അഭിനയിക്കുന്ന ‘ജോ ആന്‍ഡ് ജോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മാത്യു, നസ്ലെന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോ ആന്‍ഡ് ജോ. വിവാഹിതനായി നില്‍ക്കുന്ന മാത്യുവാണ് പോസ്റ്ററിലുള്ളത്. ജോണി ആന്റണിയും സ്മിനു സിജോയും മാത്യുവിന്റെ അച്ഛനും അമ്മയുമായി എത്തുന്നു. ചെറുപ്രായത്തില്‍ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്.

🔳നവാഗതനായ നിവിന്‍ ദാമോദരന്റെ ഏറ്റവും പുതിയ ചിത്രം ‘കുറാത്ത്’ ന്റെ പുതിയ പോസ്റ്റര്‍ വിജയദശമി ദിനത്തില്‍ പുറത്തിറങ്ങി. ബാബാ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഗൂഢതകള്‍ നിറഞ്ഞ ഒരു പോസ്റ്റര്‍ ആണ് ഇറങ്ങിയിരിക്കുന്നത്. രാത്രിയില്‍ ഒരു സെമിതേരിയുടെ പശ്ചാത്തലമാണ് പോസ്റ്ററില്‍ കാണാനാവുന്നതും. മലയാള സിനിമയില്‍ കണ്ടു പരിചയമില്ലാത്ത ആന്റിക്രൈസ്റ്റ് കഥാപശ്ചാതലത്തില്‍ വരുന്ന ചിത്രം കൂടിയാണ് കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്.

🔳ഹീറോ മോട്ടോകോര്‍പ് പുതുതായി വിപണിയില്‍ എത്തിച്ചിട്ടുള്ള പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് മോഡലിന് 69,500 രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ പ്ലെഷര്‍ സ്‌കൂട്ടര്‍ നിരയിലെ വേരിയന്റുകളായ എല്‍.എക്‌സ്, വി.എക്‌സ്, ഇസഡ്.എക്‌സ് എന്നീ വേരിയന്റുകള്‍ക്ക് മുകളിലാണ് പുതിയ മോഡലിന്റെ സ്ഥാനം. മറ്റ് വേരിയന്റുകള്‍ക്ക് 61,900 രൂപ മുതല്‍ 64,200 രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ജൂബിലന്റ് യെല്ലോ എന്ന പുത്തന്‍ നിറത്തിലാണ് പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് ഒരുങ്ങിയിരിക്കുന്നത്.

🔳ആദിത്യ മോഹന്റെ കഥകളിലെല്ലാം തന്നെ കുടുംബ ബന്ധങ്ങളും പരസ്പരമുള്ള കരുതലില്‍ സ്നേഹവും അതിനു വേണ്ടി ദാഹിക്കുന്ന മനുഷ്യരെയും കാണാവുന്നതാണ്. ജീവിത പ്രാരാബ്ദങ്ങള്‍ മരണം പ്രണയം വ്യക്തി ബന്ധങ്ങള്‍ വിവാഹം ഏകാന്തത പാരമ്പര്യം എന്നിവയെക്കുറിച്ചുമെല്ലാം ആദിത്യയ്ക്ക് സ്വന്തമായ കാഴ്ചപ്പാടുകളും ന്യായങ്ങളും ഉണ്ട്. ഇവയുടെ സമ്മിളിത ഭാഷായാണ് ‘ഇവള്‍ ജ്വാലയായ്’ എന്ന ഈ സമാഹാരത്തിലുള്ളത്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 95 രൂപ.

🔳ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിറുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും വൃക്കകളാണ്. വൃക്കകള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.നിങ്ങള്‍ പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കില്‍ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. ഉപ്പ് അല്ലെങ്കില്‍ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക മാത്രമല്ല വൃക്കകളെയും ബാധിക്കാം. ഉപ്പിന്റെ അമിത ഉപയോഗം മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇതുമൂലം കിഡ്‌നി സ്റ്റോണ്‍ ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്നും വിദഗ്ധര്‍ പറയുന്നു. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. വൃക്കകളില്‍ നിന്ന് സോഡിയവും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. എത്രമാത്രം വെള്ളം വേണം എന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു. ഭക്ഷണത്തിലെ അമിതമായ പഞ്ചസാര പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അമിതവണ്ണത്തിനും ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *