Saturday, October 19, 2024
Top News

സാഫ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ചുണക്കുട്ടികൾ, നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് കിരീടം നേടിയത്

മാല്‍ഡീവ്സ് : ഒരു ഇടവേളയ്ക്ക് ശേഷം സാഫ് കിരീടം സ്വന്തമാക്കി ഇന്ത്യ.

ഇന്നലെ മാല്‍ഡീവ്സില്‍ നടന്ന ഫൈനലില്‍ നേപ്പാളിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളുമായി ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചു. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്നു ഗോളുകളും പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ആം മിനുട്ടില്‍ ആയിരുന്നു ഛേത്രി ഇന്ത്യക്ക് ലീഡ് നല്‍കിയത്. പ്രിതം കോട്ടാല്‍ നല്‍കിയ ക്രോസ് ഒരു ടെക്സ്റ്റ് ബുക്ക് ഹെഡറിലൂടെ ഛേത്രി വലയില്‍ എത്തിക്കുക ആയിരുന്നു. ഛേത്രിയുടെ ടൂര്‍ണമെന്റിലെ അഞ്ചാം ഗോളാണിത്. ഇന്ത്യക്ക് ആയുള്ള 80ആം ഗോളും. ഈ ഗോളോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ മെസ്സിക്ക് ഒപ്പം എത്താന്‍ ഛേത്രിക്ക് ആയി. ഈ ഗോളിനു തൊട്ടു പിന്നാലെ 50ആം മിനുട്ടില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. യാസിറിന്റെ പാസില്‍ നിന്ന് സുരേഷ് ആണ് ഇന്ത്യക്ക് ആയി ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങി 90ആം മിനുട്ടില്‍ ആയിരുന്നു മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോള്‍‌.

ഇന്ത്യയുടെ എട്ടാം സാഫ് കിരീടമാണിത്. 1993, 1997, 1999, 2005, 2009, 2011, 2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് ഇന്ത്യ സാഫ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.