കശ്മീരില്‍ മരിച്ച മലയാളി സൈനികന്റെ സംസ്‌കാരം ഇന്ന്
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മരിച്ച മലയാളി സൈനികന്‍ എച്ച് വൈശാഖിന്റെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്നു പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രിമന്ത്രി കെഎന്‍ ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പാങ്ങോട് സൈനിക ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ ജന്മനാടായ കുടവട്ടൂരിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ മരിച്ചത്.ഹരികുമാര്‍ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവര്‍ഷം മുമ്പാണ് കരസേനയില്‍ ചേര്‍ന്നത്. മറാഠ റെജിമെന്റില്‍ ആയിരുന്നു. ഏഴുമാസം മുമ്പാണ് പഞ്ചാബില്‍നിന്ന് കശ്മീരില്‍ എത്തിയത്. രണ്ടുമാസംമുമ്പ് അവധിക്ക് വീട്ടില്‍ വന്നിരുന്നു. ശില്‍പയാണ് സഹോദരി.