പേന കൊണ്ടുള്ള ഏറില്‍ കുട്ടിയുടെ കാഴ്ച നഷ്ടമായ സംഭവം; അധ്യാപികയ്ക്ക് തടവും പിഴയും, തൃപ്തികരമല്ലെന്ന് വിദ്യാർഥിയുടെ കുടുംബം
തിരുവനന്തപുരത്ത് അധ്യാപിക എറിഞ്ഞ പേന കൊണ്ട് വിദ്യാർഥിക്ക് കാഴ്ച് നഷ്ടമായ കേസില്‍ അധ്യാപികയ്ക്ക് തടവു ശിക്ഷയും പിഴയും വിധിച്ചു. 16 വര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണ് വിധി. വിധി തൃപ്തികരമല്ലെന്ന് വിദ്യാർഥിയായിരുന്ന അൽഅമീൻ വ്യക്തമാക്കി .
മലയിന്‍കീഴ് ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയായിരുന്ന ഷെരീഫ ഷാജഹാന് തടവും പിഴയുമാണ് തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. 16 വര്‍ഷത്തിന് ശേഷമാണ് കേസിൽ ഇപ്പോൾ വിധി പുറപ്പെടുവിച്ചത് .
2005 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അല്‍ അമീന്‍. കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ എന്താണെന്ന് ചോദിക്കാന്‍ ഒന്ന് തിരിഞ്ഞു. ഇത് കണ്ട ഷെരീഫ ടീച്ചര്‍ പ്രകോപിതയായി, പേന എടുത്ത് എറിഞ്ഞു. പേനയുടെ മുന തറച്ചത് അഞ്ചുവയസുകാരന്‍ അല്‍ അമീന്‍റെ കണ്ണിലായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ കണ്ണില്‍ ഫുട്ബോള്‍ കൊണ്ടാണ് പരിക്കേറ്റതെന്നാണ് അധ്യാപകര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കുടുംബം നിയമനടപടികളിലേക്കു കടക്കുകയായിരുന്നു.
ഇതുവരെ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. പക്ഷെ ഇന്നും ആ ഇടം കണ്ണില്‍ ഇരുട്ട് മാത്രമാണെന്ന് അൽഅമീൻ പറയുന്നു. 16 വര്‍ഷമായിട്ടും അയല്‍വാസി കൂടിയായ അധ്യാപിക തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കുടുംബം പറയുന്നു.
മകന്‍റെ ഭാവി ഓര്‍ത്ത് ഏറെ വേദനിക്കുന്നുണ്ടെന്ന് അല്‍ അമീന്‍റെ മാതാവ് സുമയ്യ ബീവി പറയുന്നു .ഒരു കണ്ണില്ലാത്തതിന്‍റെ പേരില്‍ അവസരങ്ങള്‍ നഷ്ടമാകുമ്പോള്‍, മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ നിസ്സഹായത മാത്രമാണ് മറുപടിയായി ഇവര്‍ക്കുള്ളത്.
ഒന്നര പതിറ്റാണ്ടിന് ശേഷം വിധി വരുമ്പോഴും ഈ കുടുംബം തൃപ്തരല്ല. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിക്കുന്ന ഇവര്‍ നഷ്ടമായ ജീവിതത്തിന് പകരമായി എന്താണ് നല്‍കാനുള്ളതെന്നും ചോദിക്കുന്നു.