സ്കൂൾ തുറക്കൽ: സുരക്ഷക്ക് പൊലീസ്, സ്റ്റേഷൻ ഹൗസ് ഓഫിസര്‍മാര്‍ സ്കൂളിലെത്തി പരിശോധിക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ പൊലീസ് മേധാവിക്കും നിർദേശം നല്‍കിയതായി മുഖ്യമന്ത്രി. എല്ലാ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്കൂള്‍ മാനേജ്മെൻറ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിെൻറ ഉത്തരവാദിത്തം പൊലീസിനായിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിെൻറ സഹായം തേടും. സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്ന സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഒാടിക്കുന്നവർക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസര്‍മാര്‍ സ്കൂളിലെത്തി പരിശോധിക്കണം.
എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫിസറായി നിയോഗിക്കണം. അടച്ചിട്ട മുറികളിലും ഹാളുകളിലുമുള്ള യോഗങ്ങള്‍ ഒഴിവാക്കണം. സ്കൂള്‍ തുറക്കുംമുേമ്പ അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം നടത്തണം. കുട്ടികളില്‍ കോവിഡ് വരാനുള്ള സാധ്യത കുറവാണ്. എന്നാലും കുറച്ച് പേർക്കെങ്കിലും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്കൂൾ പി.ടി.എകൾ അതിവേഗത്തിൽ പുനഃസംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.