Thursday, October 17, 2024
Kerala

പാര്‍ട്ടി നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ പോലും ലഭിക്കാറില്ല; വീണാ ജോർജിനെതിരെ എല്‍.ഡി.എഫില്‍ വിമര്‍ശനം

ആരോഗ്യമന്ത്രി വീണാ ജോർജിന് പത്തനംതിട്ട സിപിഎമ്മിലും എൽഡിഎഫിലും വിമർശനം. പത്തനംതിട്ട സൗത്ത്, നോർത്ത് ലോക്കല്‍ കമ്മിറ്റികളിലും എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റികളിലുമാണ് വിമർശനം ഉയർന്നത്.

വികസന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രത്യേക സമിതിയെ നിയോഗിച്ചു. പാര്‍ട്ടി നേതാക്കള്‍ പോലും വിളിച്ചാല്‍ മന്ത്രിയെ ഫോണില്‍ ലഭിക്കാറില്ലെന്നാണ് പ്രധാന വിമർശനം.

മന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും സിപിഎം നേതാക്കളെ ഒഴിവാക്കുകയാണ്. പത്തനംതിട്ട നഗരസഭയിലെ വികസ പ്രവര്‍ത്തനങ്ങളോട് വീണ ജോര്‍ജ് മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്നും വിമർശനമുയർന്നു. പത്തനംതിട്ട സൗത്ത്, നോർത്ത് ലോക്കല്‍ കമ്മിറ്റികളിലാണ് എതിർപ്പുയർന്നത്. ഈ മാസം ആദ്യം ചേർന്ന പത്തനംതിട്ട എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മറ്റിയിലും വീണക്കെതിരെ സമാന വിമർശനം ഉയർന്നിരുന്നു.

സിപിഐ, സിപിഎം നേതാക്കള്‍ക്ക് പുറമെ മറ്റ് ഘടക കക്ഷികളും മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഇതിന് പിന്നാലെ വികസന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മറ്റി പ്രത്യേക സമിതി രൂപീകരിച്ചു. സമിതി അംഗങ്ങള്‍ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണും.

 

Leave a Reply

Your email address will not be published.