തന്നെ ശാസിക്കാനും ഉപദേശിക്കാനുമുള്ള എല്ലാ അധികാരവും പിണറായി വിജയനുണ്ട്: കെ ടി ജലീൽ
എ ആർ ബാങ്ക് അഴിമതി ആരോപണത്തിൽ ഇ ഡി അന്വേഷണം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവുമുണ്ടെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു
ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാനശ്വാസം വരെ തുടരുമെന്നും ജലീൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം.