ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ജോ റൂട്ട് ഒന്നാമൻ; കോഹ്ലിയെ പിന്തള്ളി രോഹിത് ശർമ
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്‌സ്മാൻമാരിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒന്നാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് റൂട്ടിനെ ഒന്നാം റാങ്കിലേക്ക് എത്തിച്ചത്. ആറ് വർഷത്തിന് ശേഷമാണ് റൂട്ട് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമനാകുന്നത്.
കെയ്ൻ വില്യംസൺ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. രോഹിത് ശർമ കോഹ്ലിയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയർന്നു. കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിംഗിലാണ് രോഹിത് ഇപ്പോൾ. കോഹ്ലി ആറാം സ്ഥാനത്തേക്ക് വീണു.
ജോ റൂട്ടിന് 916 പോയിന്റുണ്ട്. ഇംഗ്ലീഷ് താരങ്ങളിൽ റോറി ബേൺസ് 24ാം സ്ഥാനത്തേക്കും ജോണി ബെയിർസ്‌റ്റോ എഴുപതാം സ്ഥാനത്തേക്കും കയറി. ഇന്ത്യൻ താരങ്ങളിൽ പൂജാര മൂന്ന് സ്ഥാനങ്ങളുയർന്ന് പതിനഞ്ചാമനായി. റിഷഭ് പന്ത് പക്ഷേ ആദ്യ പത്തിൽ നിന്ന് പുറത്തായി 12ാം സ്ഥാനത്തേക്ക് വീണു.