കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ ഇളവ്
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കോവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കോവിഡ് കേസുകളുള്ള കോര്‍പറേഷന്‍ വാര്‍ഡുകളായിരിക്കും കണ്ടെയിന്‍മെന്‍റ് സോണ്‍. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക കൌണ്‍സില്‍ യോഗത്തിന് ശേഷം മേയര്‍ ബീനാ ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്.
നഗര പരിധിയിലെ ജനസംഖ്യ കൂടി കണക്കിലെടുത്താണ് കോവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഇളവ് നല്‍കുന്നത്. ഇതുവരെ 30 കേസുകളുണ്ടെങ്കില്‍ ആ വാര്‍ഡ് കണ്ടെയിന്‍റ്മെന്‍റ് സോണായിരുന്നു. നഗരത്തില്‍ രോഗ വ്യാപന നിരക്കും മരണ നിരക്കും കൂടുതലുള്ള തീരദേശത്തെ കപ്പക്കല്‍, പുതിയാപ്പ വാര്‍ഡുകളില്‍ എല്ലാവര്‍ക്കും വാക്സിനേഷന്‍ നടത്താനും തീരുമാനമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രദേശത്ത് നൂറു ശതമാനം വാകിസ്നേഷന്‍ നടപ്പാക്കുന്നത്.
വെള്ളിയാഴ്ച മാത്രം കടകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് കുറക്കാന്‍ ആഴ്ചയില്‍ 5 ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നും കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടും. കോഴിക്കോട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.