കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളെ കോടതിയിൽ ഹാജരാക്കാത്തത് എന്താണെന്ന് സതീശൻ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെ ചോദ്യം ചെയ്താൽ നേതാക്കൾക്കുള്ള പങ്ക് പുറത്തുവരും. പാർട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വൻതോതിലുള്ള തട്ടിപ്പ് നടന്നുവെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്തതിനാലാണ് വീണ്ടും 100 കോടി രൂപ സാധാരണക്കാർക്ക് നഷ്ടമായത്
കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി പത്രങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണ്. സുപ്രീം കോടതി വിധി പാലിച്ചായിരിക്കണം അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയാൽ പ്രതികളെ ചോദ്യം ചെയ്യലിന് വിട്ടു കിട്ടുമെന്നിരിക്കെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചത് എന്തിനാണ്.
പോലീസ് കേസ് അന്വേഷിച്ചാൽ സർക്കാർ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതിനാൽ സിബിഐ അന്വേഷണത്തിന് വിടണം. പണം നിക്ഷേപിച്ച മുഴുവൻ ആളുകളുടെയും പണം തിരികെ ലഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരാണ്. അല്ലെങ്കിൽ എല്ലാ സഹകരണ ബാങ്കുകളുടെയും വിശ്വാസ്യത തകരുമെന്നും സതീശൻ പറഞ്ഞു.