മോദി 2.0; 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടനയിൽ സവിശേഷതകളേറെ. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന ഖ്യാതിയും 77 അംഗ മോദി മന്ത്രിസഭയ്ക്കുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം മലയാളിയായ രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ആകും. നിലവിലെ മന്ത്രിസഭയിൽ നിന്നും 12 മന്ത്രിമാരെ പുറത്താക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിന് ഏഴ് മന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്.
പ്രതീക്ഷിച്ചതിനെക്കാളും വൻ അഴിച്ചുപണിയാണ് നടന്നത്. പുനഃസംഘടനക്ക് മുന്നോടിയായി ഒരു മന്ത്രാലയം കൂടി മോദി സർക്കാർ രൂപീകരിച്ചിരുന്നു. സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സഹകരണ മന്ത്രാലയമാണ് രൂപീകരിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിൽ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ എൽ മുരുകനടക്കം 43 പേർ പുതിയ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും.
ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി രണ്ടാം മോദി സർക്കാർ പുനഃസംഘടന മാറുകയാണ്. 11 വനിതകൾക്കാണ് അവസരം നൽകിയിരിക്കുന്നത്. 77 അംഗ മോദി മന്ത്രിസഭയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
* 5 മുൻ മുഖ്യമന്ത്രിമാർ
* 11 വനിതകൾ
* 39 മുൻ എം എൽ എമാർ
* 18 മുൻ സംസ്ഥാന മന്ത്രിമാർ
* 5 ന്യൂനപക്ഷ വിഭാഗക്കാർ
* 6 ഡോക്ടർമാർ
* 13 അഭിഭാഷകർ
* 5 ഇഞ്ചിനീയർമാർ
* 7 പേർ പി.എച്ച്.ഡി ലഭിച്ചവർ
* 27 പേർ പിന്നോക്ക വിഭാഗക്കാർ (OBC)
* 12 പേർ പട്ടികജാതി വിഭാഗത്തിൽ നിന്ന് (SC)
* 8 പേർ പട്ടിക വർഗ്ഗ വിഭാഗം (ST)