Wednesday, April 16, 2025
Kerala

സംസ്ഥാനത്തെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ ഉത്ഘാടനം ചെയ്യും. തിരുവനന്തപുരം-എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ് ബസ് സര്‍വീസ്.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വീസ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും.

നഗരസഭാ കൗണ്‍സിലര്‍ സി ഹരികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഡി, യൂനിയന്‍ നേതാക്കളായ വി ശാന്തകുമാര്‍, ആര്‍ ശശിധരന്‍, കെഎല്‍ രാജേഷ്, സൗത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടുമാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജിയിലേക്കും സിഎന്‍ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുകയാണ്. നിലവിലുള്ള 400 പഴയ ഡീസല്‍ ബസുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് നിലവില്‍ അവരുടെ പക്കലുള്ള രണ്ട് എല്‍എന്‍ജി ബസ്സുകള്‍ മുന്ന് മാസത്തേക്ക് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവില്‍ ഈ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവര്‍, മെയിന്റനന്‍സ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *