Thursday, January 23, 2025
Kerala

ശബരിമലയിൽ കോടതിവിധി നടപ്പാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണുന്നില്ല, കോടതി വിധി നടപ്പാക്കണം; കെ. സുരേന്ദ്രൻ

 

തിരുവനന്തപുരം: ന്യൂനപക്ഷ അനുകൂല്യത്തിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ന്യൂനപക്ഷ അനുകൂല്യത്തിലെ അനുപാതം റദ്ദാക്കിയ വിധി നടപ്പാക്കുന്നതിൽ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാ​ഗത്തിന് മാത്രം ലഭിക്കേണ്ടതല്ലെന്നും എല്ലാവർക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. വിധി നടപ്പാക്കുന്നതിലെ ഒളിച്ചുകളി അവസാനിപ്പിച്ച് സർക്കാരിന്റെ നയം പരസ്യമായി പ്രഖ്യാപിക്കാൻ പിണറായി വിജയൻ ധൈര്യം കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വോട്ട് ബാങ്ക് താത്പര്യം മാറ്റിവെച്ച് കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ പാർട്ടി വ്യാജപ്രചരണം നടത്തുകയാണെന്നും, ലക്ഷദ്വീപിന്റെ പേരിൽ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രിയും പാർട്ടിയും ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കൾ ഹാജരാവുന്നത് ഒന്നും ഒളിച്ചുവെക്കാൻ ഇല്ലാത്തതിനാലാണെന്നും, ബി.ജെ.പിക്കെതിരെ വ്യാജ വാർത്ത നൽകുന്ന മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *