ഭരണം അഴിമതിരഹിതമായിരിക്കണം, ചീത്തപ്പേര് കേൾപ്പിച്ചാൽ പുറത്തുപോകും; മന്ത്രിമാർക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ
അഴിമതി രഹിത ഭരണത്തിലൂടെ ജനതാത്പര്യം സ്വന്തമാക്കണമെന്ന് മന്ത്രിമാരോട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സ്റ്റാലിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. വികസനത്തിന് വേണ്ടി ഭരിക്കണം. ചീത്തപ്പേര് കേൾപ്പിക്കുന്ന ആളുകൾ നിമിഷനേരം കൊണ്ട് മന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി
സർക്കാരിന് മുന്നിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. മന്ത്രിയാകാൻ വലിയ അവസരമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അത് കിട്ടാതെ പോയ ധാരാളം പേർ പുറത്തുണ്ടെന്ന് ഓർക്കണം. ലഭിച്ച അവസരം നാടിന്റെ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തണം. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും സുതാര്യത പുലർത്തണം
സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോലീസിനെ നേരിട്ട് വിളിക്കുന്ന രീതി ആവശ്യമില്ല. വിവരം ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചാൽ മതിയെന്നും സ്റ്റാലിൻ നിർദേശിച്ചിട്ടുണ്ട്.