രോഗവ്യാപനം അതിരൂക്ഷം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കെജിഎംഒഎ ആവശ്യപ്പെടുന്നു.
രോഗവ്യാപനം അതീതീവ്രാവസ്ഥയിലാണെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ രണ്ടാഴ്ച ലോക്ക് ഡൗൺ നടപ്പാക്കണമെന്നുമാണ് കെജിഎംഒഎ ആവശ്യപ്പെടുന്നത്. വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ ആളുകൾ പുറത്തിറങ്ങുന്നത് വ്യാപന തോത് വർധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവിൽ സംസ്ഥാനത്ത്.
ഗുരുതര രോഗികളെ മാത്രമേ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാവൂവെന്നും ആരോഗ്യപ്രവർത്തകരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നും കെജിഎംഒഎ പറയുന്നു. സർക്കാർ മേഖലയിലെ ഐസിയു ബെഡ്ഡുകളുടെ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.