Saturday, October 19, 2024
Kerala

സിനിമാ തീയറ്ററുകളും, ബാറുകളും തത്കാലം അടച്ചിടും; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം, ക്ലബ്, സ്‌പോർട്‌സ് കോംപ്ലക്‌സ്, നീന്തൽക്കുളം, വിനോദ പാർക്കുകൾ, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം തത്കാലം വേണ്ടെന്നുവെക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

എല്ലാവിധ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള മാർഗങ്ങളിൽ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളിൽ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കണം. വിവാഹ ചടങ്ങുകൾക്ക് 75 പേരെയാണ് അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ഇത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നതിന് മുൻകൂറായി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ ഇന്ന് നിജപ്പെടുത്തി. ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ ആവശ്യമാണ്. റമദാൻ കാലമായതിനാൽ പള്ളികളിൽ ആളുകൾ കൂടാൻ സാധ്യതയുണ്ട്. പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ചെറിയ പള്ളിയാണെങ്കിൽ എണ്ണം ഇതിലും ചുരുക്കണം.

യോഗങ്ങൾ ഓൺലൈൻ വഴിയാക്കണം. സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതിയെന്നാണ് നിർദേശം. ആരോഗ്യം, റവന്യു, പോലീസ് വകുപ്പുകളും ദുരന്ത നിവാരണ വകുപ്പുകളും എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും മാളുകളും രണ്ട് ദിവസം പൂർണമായും അടച്ചിടും. രാത്രി 9 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള രാത്രികാല നിയന്ത്രണം തുടരും. അവശ്യ സേവനങ്ങൾക്കും ആശുപത്രി, മരുന്ന് ഷോപ്പുകൾ, പാൽ വിതരണം, മാധ്യമങ്ങൾ എന്നിവക്കും ഈ നിയന്ത്രണത്തിൽ ഇളവുണ്ട്. കടകൾ പ്രവർത്തിക്കുമ്പോൾ ആളുകളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. ഹോം ഡെലിവറി നടത്താൻ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.