ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ; ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി
വാഷിംഗ്ടൺ: ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ. പെർസിവിയറൻസ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി. മറ്റൊരു ഗ്രഹത്തിൽ മനുഷ്യൻ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനമാണ് ഇൻജെന്യൂനിറ്റി.
ഹെലികോപ്റ്റർ ചൊവ്വയിൽ പരീക്ഷണ പറക്കൽ നടത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിരുന്നു. സൗരോർജത്തിലാണ് ഹെലികോപ്റ്ററിന്റെ പ്രവർത്തനം. 30 മീറ്റർ ഉയരത്തിൽ പറന്നുയർന്ന 30 സെക്കന്റ് നേരം ഉയർന്നു നിന്ന ശേഷം സുരക്ഷിതമായി താഴെയിറങ്ങുകയായിരുന്നു.
നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വികസിപ്പിച്ച അൽഗൊരിതം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗതിനിയന്ത്രണ സംവിധാനങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കി പൂർണമായും ഓട്ടോണമസ് ആയിട്ടായിരുന്നു ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ. നിലവിൽ ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററിൽ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങളൊന്നുമില്ലെങ്കിലും ഭാവിയിൽ ചൊവ്വയിലെ ആകാശമാർഗമുള്ള പഠനങ്ങൾക്ക് സഹായകമാവുന്ന ഉപകരണ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണമാണ് ഇത്.