ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു
കുവൈറ്റ്സിറ്റി: അന്തരിച്ച കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ച. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പിതൃസഹോദരനാണ്.
മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ചികിത്സാർഥം ന്യൂഡൽഹിയിൽ എത്തിയിരുന്ന അമീർ ഷെയ്ഖ് സബാഹ് അൽ ജാബർ അൽ സബാഹ് കേരളവും സന്ദർശിക്കാൻ പരിപാടിയിട്ടുരുന്നതിനാൽ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് നാസർ അവസാനം കേരളം സന്ദർശിച്ചത്. ഖത്തറുമായി ബന്ധപ്പെട്ട് ജിസിസിയിലെ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഷെയ്ഖ് സബാഹ് അന്ന് കേരള സന്ദർശനം ഒഴിവാക്കുകയായിരുന്നു.
ഉപപ്രധാനമന്തിയും പ്രതിരോധമന്തിയുമായി സേവനം ചെയ്തിട്ടുള്ള ഷെയ്ഖ് നാസർ രാജ്യത്തിൻ്റെ വികസന, സാംസ്കാരിക,വ്യാപാര മേഖലയുടെ വളർച്ചക്കായി ഒട്ടേറെ സംഭാവന നൽകിയ വ്യക്തിത്വമാണ്. ആസൂത്രണ-വികസന ഉന്നതാധികാര സമിതി മേധാവി, ആധുനിക കുവൈറ്റിന്റെ അടയാളമായി മാറാനിരിക്കുന്ന സിൽക്ക് സിറ്റി- ബുബ്‌യാൻ ദ്വീപ് നിർമാണ പദ്ധതി മേധാവി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട ദാർ അൽ അത്താർ അൽ ഇസ്‌ലാമിയയുടെ സ്ഥാപകനായ ഷെയ്ഖ് നാസർ ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി അംഗമാണ്. കുവൈറ്റ് പൊതു നിധി സംരക്ഷണ അസോസിയേഷൻ സ്ഥാപകൻ കൂടിയാണ്.