Wednesday, April 16, 2025
Gulf

രാത്രികാല യാത്ര നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ്

മസ്‌കത്ത്: ഒമാനില്‍ രാത്രികാല യാത്ര നിയന്ത്രണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് ഒമാന്‍ എയര്‍പോര്‍ട്ട്‌സിന്റെ പ്രത്യേക അറിയിപ്പ്.

അര്‍ധ രാത്രിയിലെ വിമാനസര്‍വീസുകള്‍ക്ക് എട്ടു മണിക്ക് മുമ്പ് തന്നെ എയര്‍ പോര്‍ട്ടിലേക്ക് യാത്ര തിരിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണം ആരംഭിച്ച ശേഷം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഇളവ് അനുവദിക്കുന്നതാണ്.

ഇവരെ എവിടെയും തടഞ്ഞു നിര്‍ത്തുകയോ, നീണ്ട നേരം പരിശോധനയ്ക്ക് വിധേയരാക്കുകയോ ചെയ്യുന്നതല്ല. അതിനാല്‍ അര്‍ധ രാത്രിയിലുള്ള ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യേണ്ടവര്‍ എട്ടു മണിക്ക് മുമ്പ് തന്നെ വിമാനത്താവളങ്ങളിലേക്ക് യാത്ര തിരിക്കേണ്ടതില്ല. ഷെഡ്യുള്‍ ചെയ്തിരിക്കുന്ന സമയത്ത് മാത്രം എയര്‍ പോര്‍ട്ടുകളില്‍ എത്തിയാല്‍ മതിയെന്നും അതോറിറ്റി അറിയിച്ചു.

ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് രാത്രികാല യാത്രാ നിയന്ത്രണം സുപ്രീം കമ്മിറ്റി നടപ്പാക്കിയത്. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ എട്ട് വ്യാഴം വരെയാണ് തീരുമാനം നടപ്പാക്കുക.

ഈ കാലയളവില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചിടുകയും വാഹനങ്ങളുടെയും ആളുകളുടെയും യാത്രാ കര്‍ശനമായി നിരോധിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *