ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല; ചൊവ്വാഴ്ച വരെ കടുത്ത നടപടി പാടില്ല
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ നൽകിയില്ല. അതേസമയം ചൊവ്വാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് തടസ്സപ്പെടുത്തരുതെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി 30ന് വീണ്ടും പരിഗണിക്കും
സംസ്ഥാന സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ അടിപതറിയ ഇഡി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടക്കമുള്ള പ്രമുഖ അഭിഭാഷകരെയാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. അടിയന്തരമായി എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
സ്‌റ്റേ നൽകാനാകില്ലെന്ന കർശന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഹർജി നിലനിൽക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ മറുപടി പറയാനുണ്ട്. അതിന് രണ്ട് ദിവസമെടുക്കും. മൊഴിയെടുക്കൽ തുടരുകയാണ്. അത് തടസ്സപ്പെടുത്താൻ പാടില്ലെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഹർജി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ചൊവ്വാഴ്ച വരെയുണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. അന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ടുപോകാം.