Wednesday, April 16, 2025
Wayanad

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്

കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം അഹോരാത്രം തിരഞ്ഞെടുപ്പു ജോലിയിലാണ്്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച ഡാറ്റാ എന്‍ട്രി, പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കല്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, തിരഞ്ഞെടുപ്പിനാവശ്യമായ സ്റ്റേഷനറികള്‍, ഫോമുകള്‍ എന്നിവ സംസ്ഥാനത്തുള്ള വിവിധ പ്രസ്സുകളില്‍ നിന്നും ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ സമയബന്ധിതമായി തീര്‍ക്കേണ്ട ജോലികളില്‍ വ്യാപൃതരാണ് ഇലക്ഷന്‍ വിഭാഗം. ഇതിനു പുറമെ പെരുമാറ്റ ചട്ടം സംബന്ധിച്ച പരാതികള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എന്നിവയുടേയും ഏകോപനവും ഈ കാര്യാലയത്തിലാണ് നടക്കുന്നത്. മിക്ക ദിവസങ്ങളിലും രാത്രി വൈകുവോളം ജോലി ചെയ്താണ് ഓരോ ജീവനക്കാരനും വീടുകളിലേക്ക് മടങ്ങുന്നത്. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ.രവികുമാര്‍, സീനിയര്‍ സൂപ്രണ്ടുമാരായ കെ. മനോജ്കുമാര്‍, ഇ.സുരേഷ്ബാബു, ജൂനിയര്‍ സൂപ്രണ്ട് ടോമിച്ചന്‍ ആന്റണി എന്നിവരുടെ പൂര്‍ണ പിന്തുണയും ജീവനക്കാര്‍ക്കുണ്ട്. യാതൊരു പരാതികള്‍ക്കും ഇടനല്‍കാതെ തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുകയാണ് ടീമിന്റെ ലക്ഷ്യം.

 

Leave a Reply

Your email address will not be published. Required fields are marked *