Thursday, January 23, 2025
Kerala

നവീകരണം: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാത ശക്തിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയാണ് ഗതാഗത നിയന്ത്രണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാ ചരക്കുവാഹനങ്ങളും പൂര്‍ണമായും നിരോധിച്ചു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്ന് പോകണം.

യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി മിനി സര്‍വീസ് ഏര്‍പ്പെടുത്തും. തിരക്ക് കുറവുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളിലും തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളകളിലുമായിരിക്കും സര്‍വീസ്. ടാറിംങ് നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മ്മാണവും 12 കിലോ മീറ്റര്‍ ദൂരത്തില്‍ ടാറിംങുമാണ് ചുരം നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. മാര്‍ച്ച് മാസം അവസാനത്തോട് കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *