Thursday, April 10, 2025
National

പഞ്ചാബില്‍ ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു

ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജലന്ധര്‍ ഹോഷിയാര്‍പൂര്‍ റോഡിലുള്ള ഹസാര ഗ്രാമത്തിലെ കരിമ്പ് വയലില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. ബിഹാറില്‍ നിന്നെത്തിയ തൊഴിലാളി ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു. ബിസ്‌കറ്റ് വാങ്ങിക്കൊടുക്കാന്‍ സൈക്കിളില്‍ കൊണ്ടുപോയെന്നും പിന്നീട് വീട്ടിലെത്തിച്ചെന്നും അയല്‍വാസിയും അകന്ന ബന്ധുവുമായ സന്തോഷ് ഇവരോട് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ തുടങ്ങിയതോടെ സന്തോഷ് ഓടി രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. പിന്നീട് സന്തോഷിനെതിരേ കുടുംബം പരാതി നല്‍കി. തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പ്രതിക്കെതിരേ കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം, കൊലപാതകം എന്നീ കേസുകളും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ പ്രസക്തമായ വകുപ്പുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്തോഷിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *