Tuesday, April 15, 2025
Wayanad

കര്‍ഷകര്‍ക്ക് ആശ്വാസമായി അടയ്ക്ക വില ഉയരുന്നു

കല്‍പ്പറ്റ: ഉല്‍പ്പാദനത്തകര്‍ച്ചയ്ക്കിടിയിലും അടയ്ക്കയുടെ മെച്ചപ്പെട്ട വില കര്‍ഷകര്‍ക്കു ആശ്വാസമാകുന്നു. പൊളിക്കാത്ത അടയ്ക്ക കിലോഗ്രാമിനു  42 ഉം പൊളിച്ചതിനു (പൈങ്ങ) 142 ഉം രൂപയാണ് നിലവിലെ വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിലയാണിതെന്നു കൃഷിക്കാര്‍ പറയുന്നു. അടയ്ക്ക വിളവെടുപ്പ് ജില്ലയില്‍ പുരോഗമിക്കുകയാണ്.  ജില്ലയില്‍ വ്യാപകമായി കമുകുകൃഷിയുണ്ട്.  ഏകദേശം 13,000 ഹെക്ടറിലാണ് കൃഷി. 2010ല്‍ ഇതു 12,123 ഹെക്ടറിലായിരുന്നു. കമുകുതോട്ടങ്ങളില്‍ ഏറെയും  പഴയ പാടങ്ങളാണ്. നെല്‍ക്കൃഷി അനാദായകരമായതോടെയാണ് കര്‍ഷകര്‍  വയലില്‍ കമുകു കൃഷി ആരംഭിച്ചത്. കമുക് തനിവിളയായും ഇടവിളയായും കൃഷി ചെയ്യുന്നവര്‍ ജില്ലയിലുണ്ട്.ഏതാനും വര്‍ഷങ്ങളായി കമുകുകര്‍ഷകര്‍ വലിയ ഉത്പാദനത്തകര്‍ച്ചയാണ് നേരിടുന്നത്. മഹാളി, ഇല മഞ്ഞളിപ്പ് എന്നീ രോഗങ്ങള്‍ക്കും വിപരീത കാലാവസ്ഥയ്ക്കും പുറമേ കായ്‌പൊഴിച്ചിലും ഉത്പാദനക്കുറവിനു കാരണങ്ങളാണ്.  അടയ്ക്ക വിളവെടുപ്പുകാലം കമുകുകയറ്റത്തിലും അടയ്ക്ക പൊളിക്കലിലും വിരുതുള്ള തൊഴിലാളികള്‍ക്കും നല്ലകാലമാണ്. ഒരു കമുകില്‍ കയറുന്നതിനു തൊഴിലാളിക്കു 15 രൂപയാണ് കൂലി. അടയ്ക്ക കിലോക്കണക്കില്‍ പറിച്ചുകൊടുക്കുന്നവരും തൊഴിലാളികള്‍ക്കിടയിലുണ്ട്. ഒരു ക്വിന്റല്‍ അടയ്ക്ക പറിച്ചു വിപണിയില്‍ എത്തിക്കുന്നതിന്  ചെലവില്ലാതെ 550 രൂപയാണ് കൂലി. വാഹനച്ചെലവ് തോട്ടം ഉടമ വഹിക്കും. സ്ത്രീ തൊഴിലാളികളാണ് അടയ്ക്ക പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ അധികവും. ഒരു ക്വിന്റില്‍ അടയ്ക്ക പൊളിക്കുന്നതിനു 1,400 രൂപ വരെയാണ് കൂലി.  കര്‍ഷകരില്‍നിന്നു വ്യാപാരികള്‍ വാങ്ങുന്ന പൊളിച്ച അടയ്ക്ക ഇടനിലക്കാര്‍ മുഖേന കര്‍ണാടകയിലെ മാര്‍ക്കറ്റുകളിലേക്കാണ് പ്രധാനമായും കയറ്റുന്നത്. തൃശൂരിലേക്കും ലോഡുകള്‍ പോകുന്നുണ്ട്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും തൃശുരിലും പൈങ്ങ സംസ്‌കരണശാലകളുണ്ട്. വയനാട്ടില്‍നിന്നു തൊണ്ടടയ്ക്ക  വാങ്ങി കര്‍ണാടകയിലെ ഗുണ്ടില്‍പേട്ടയിലെത്തിച്ചു ഉണക്കിയശേഷം വില്‍ക്കുന്നവരും വ്യാപാരികള്‍ക്കിടയിലുണ്ട്. തൊണ്ടടയ്ക്ക വന്‍തോതില്‍ വെയില്‍കൊള്ളിച്ചു ഉണക്കുന്നതിനു സ്ഥലസൗകര്യം ഗുണ്ടില്‍പേട്ടയില്‍ ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *