Thursday, January 9, 2025
Kerala

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന കസ്റ്റംസിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ കോടതി തള്ളിയത്.സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

സ്വപ്നയ്ക്കൊപ്പം ഏഴു പ്രാവശ്യം ശിവശങ്കര്‍ വിദേശത്തേക്ക് പോയെന്ന് കസ്റ്റംസ് ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ഏഴു പ്രാവശ്യവും ഒരു രാജ്യത്തേക്ക് മാത്രം എന്തിനാണ് പോയതെന്നും കസ്റ്റംസ് ചോദിച്ചു.2015 മുതല്‍ രോഗ ബാധിതനാണെന്ന രേഖയാണ് ശിവശങ്കര്‍ ഹാജരാക്കിയത് രോഗബാധിതനാണെങ്കില്‍ എങ്ങനെ ഇത്രയും വിദേശയാത്ര നടത്തി.രോഗിയാണെന്നത് ജാമ്യം നേടാനായി പറയുന്നതാണ്.ഇവരുടെയാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ട്.ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത് എന്തിന് ചെയ്തുവെന്നും കസ്റ്റംസ് ചോദിച്ചു.ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തെ പോലും സ്വര്‍ണ്ണക്കടത്ത് ബാധിച്ചു.കേസിലെ ഇപ്പോഴത്തെ പ്രതികളുമായിസൗഹൃദമുള്ള ആളാണ് ശിവശങ്കറെന്നും കസ്റ്റംസ് വ്യക്തമാക്കി.

ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യും.വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് കസ്റ്റംസ് പറയുന്നില്ലെന്നായിരുന്നു ശിവശങ്കറിന്റെ വാദം.മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിര്‍ മാത്രമാണ് കസ്റ്റംസ് തന്നെ പ്രതിയാക്കിയതെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 28 നാണ് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റു ചെയ്തു ചെയ്തത്.തുടര്‍ന്ന് റിമാന്റിലായിരുന്ന ശിവശങ്കറിനെ പിന്നീട് സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *