Thursday, January 9, 2025
Kerala

കേരളത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

കോഴിക്കോട്: നഗരത്തിൽ പുതുവർഷാഘോഷങ്ങൾക്ക് പോലീസിന്റെ കടുത്ത നിയന്ത്രണമുണ്ടാകും. ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്ള വിവിധ ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുമതിയുണ്ടാവൂ. വിവിധ സ്ഥാപനങ്ങളുടെ വിസ്തീർണം കണക്കാക്കി അതിന് ആനുപാതികമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു.

ഇതുസംബന്ധിച്ചുള്ള കൂടിയാലോചനകൾക്കും മാർഗനിർദേശങ്ങൾക്കുമായി സിറ്റി പോലീസ് തിങ്കളാഴ്ച ഉന്നതതലയോഗം ചേരും. പത്തുവയസ്സും അതിൽ കുറവുമുള്ള കുട്ടികളെ ബീച്ചിലേയ്ക്കോ പൊതുസ്ഥലങ്ങളിലോ പുതുവത്സരാഘോഷ പരിപാടികൾക്ക് കൊണ്ടുവന്നാൽ അവരുടെ രക്ഷിതാക്കളുടെ പേരിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുമായി വരുന്ന വാഹനങ്ങൾ ബീച്ചിലേക്ക് കടത്തിവിടില്ല. ഞായറാഴ്ച ടൗൺ ഇൻസ്പെക്ടർ എ. ഉമേഷിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ടൗൺ സ്റ്റേഷൻപരിധിയിലും ബീച്ചിലുമായി മൈക്ക് മുഖേന അറിയിപ്പ് നൽകി. അത്തരത്തിൽ കുട്ടികളുമായി എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ചു. നിലവിൽ കുട്ടികൾ വരുന്നതിനെതിരേ നിയമമുണ്ട്. കോവിഡ് വ്യാപന നിരോധനനിയമം കൂടുതൽ കർശനമാക്കുന്നതിന്റെയും പുതുവർഷാഘോഷങ്ങൾക്കിടയിൽ തിരക്ക് വർധിക്കുന്നതും കണക്കിലെടുത്താണ് ഈ മുൻകരുതലെന്ന് ഇൻസ്പെക്ടർ ഉമേഷ് പറഞ്ഞു.

രാത്രി എട്ടിനുശേഷം ബീച്ചിൽ ആർക്കും പ്രവേശനം അനുവദിക്കില്ല. നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി നഗരത്തിൽ എത്തിയാൽ അവ കസ്റ്റഡിയിലെടുക്കും. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി നടത്തുന്ന എല്ലാ പരിപാടികളും രാത്രി ഒമ്പതോടെ അവസാനിപ്പിക്കണം. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല.

ഡി.ജെ. പാർട്ടി പോലുള്ളവ നടത്തിയാൽ കർശന നിയമനടപടികളുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. രാത്രി പട്രോളിങ്‌ ശക്തമാക്കാനും തീരുമാനിച്ചു. നിശാപാർട്ടികൾക്ക് എത്തുന്നത് വിലക്കാനും ലഹരിവസ്തുക്കളുടെ കൈമാറ്റം തടയാനുമായി വാഹനങ്ങളുടെ പരിശോധനയും കർശനമാക്കും.

ബോധവത്കരണ പരിപാടികളുടെ ഭാഗമായി പോലീസ് മൈക്ക് പ്രചാരണം നടത്താൻ തീരുമാനിച്ചു. സാമൂഹിക അകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും മാത്രമേ എല്ലാ പരിപാടികളും നടത്താൻ പാടുള്ളൂ.

പോലീസിന് പുറമെ മോട്ടോർവാഹന വകുപ്പ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, റെയിൽവേ പോലീസ് എന്നിവയും പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ മുൻകരുതൽ നടപടികളെടുക്കും. തീവണ്ടിമാർഗം മദ്യമോ ലഹരിവസ്തുക്കളോ എത്തുന്നത് തടയാൻവേണ്ടി കർശന പരിശോധനയുണ്ടാകണമെന്ന് റെയിൽവേ സെക്യൂരിറ്റി കമ്മിഷണർ മനോജ് കുമാർ ആർ.പി.എഫിന്റെ എല്ലാ ഡിവിഷനുകൾക്കും നിർദേശം നൽകി.

എക്സൈസ് വകുപ്പും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. നേരത്തെ ജനുവരി രണ്ടുവരെ നടത്താൻ നിശ്ചയിച്ച വാഹനപരിശോധനയും ജില്ലാ അതിർത്തികളിലെ പ്രത്യേക പരിശോധനയും അഞ്ചുവരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *