കൊവിഡ് 19: ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ഉയര്‍ത്തുന്ന പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങങ്ങള്‍ പ്രഖ്യാപിച്ചു. ന്യൂഇയര്‍ ദിനത്തില്‍ ആളുകള്‍ വ്യാപകമായ രീതിയില്‍ ഒത്തുകൂടാനിടയുണ്ടെന്ന വിലയിരുത്തലിന്റെ പുറത്താണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 2,78,690 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 97,61,538 പേര് രോഗം മാറി ആശുപത്രി വിട്ടു. രോഗമുക്തരുടെ എണ്ണം കൂടിവരുന്നതും രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതും സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. എങ്കിലും ബ്രിട്ടനിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡിന്റെ പുതിതൊരു വകഭേദം പ്രസരിക്കാന് തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടതാണെന്നാണ് അധികൃതര്‍ കരുതുന്നത്. അതിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയില്‍ എല്ലാ നഗരങ്ങളിലും മുനിസിപ്പല്‍ കോര്പ്പറേഷന് പ്രദേശങ്ങളിലും ഏഴ് മണിക്കൂര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 22 മുതല്‍ 2021 ജനുവരി 5 വരെ രാത്രി 11 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ നിലവിലണ്ടാവും. ഇതൊരു സാധാരണ ന്യൂഇയറല്ലെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ഛഹാല്‍ പറഞ്ഞു. ബീച്ചുകള്‍, ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 1 വരെ പുതുവര്‍ഷാഘോഷങ്ങള്‍ നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ബീച്ചുകളിലേക്കുള്ള പ്രവേശവും നിരോധിച്ചു. ഹോട്ടലുകള്‍ ബാറുകള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.
ഡിസംബര്‍ 31, ജനുവരി ഒന്ന് തിയ്യതികളില്‍ രാജസ്ഥാനില്‍ രാത്രി കര്‍ഷ്യു പ്രഖ്യാപിച്ചു. ദീവാലി ആഘോഷസമയത്തുള്ള നിയന്ത്രണങ്ങളാണ് ഉള്ളത്. പാര്‍ട്ടികള്‍, ഹോട്ടല്‍, ബാര്‍ എന്നിവയ്ക്ക് ന്യഇയര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പിന്‍വലിച്ചു.