കൊവിഡ് ഭീഷണി അവസാനിക്കും വരെ പടക്കങ്ങള്‍ക്ക് ഹരിതട്രിബ്യൂണലിന്റെ നിരോധനം
ന്യൂഡല്‍ഹി: കൊവിഡ് ഭീഷണി അവസാനിക്കും വരെ രാജ്യവ്യാപകമായി ഹരിത ട്രിബ്യൂണല്‍ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഡല്‍ഹിയിലും രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും നിരോധനം ബാധകമാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ പല നഗരങ്ങളും വായുമലിനീകരണത്തിന്റെ കാര്യത്തില്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് ട്രിബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പടക്കങ്ങള്‍ സമാനമായ വസ്തുക്കള്‍ എന്നിവയുടെ ഉപയോഗവും വില്‍പ്പനയും തടഞ്ഞിട്ടുണ്ട്. ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ശരാശരി വായുമലിനീകരണം മാത്രം നിലനില്‍ക്കുന്ന നഗരങ്ങളില്‍ ഗ്രീന്‍ ക്രാക്കേഴ്സ് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതും രണ്ട് മണിക്കൂറില്‍ കൂടുതല്‍ പാടില്ല. മാത്രമല്ല, പ്രത്യേക ആഘോഷങ്ങളുടെ ഭാഗവുമായിരിക്കണം.