Wednesday, April 16, 2025
National

നാഗലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം സ്റ്റേ ചെയ്ത് ഹൈക്കോടതി

ഗുവാഹത്തി: നാഗലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് ഗുവാഹത്തി ഹൈക്കോടതി. പട്ടി മാംസം വില്‍പന നടത്തുന്നവര്‍ നല്‍കിയ ഹരജിയിലാണ്ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് നിരോധനം സ്റ്റേ ചെയ്തത്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിര്‍മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

ജൂലൈ രണ്ടിനാണ് പട്ടി മാംസം വില്‍കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (ഫിയാപോ) സര്‍ക്കാരിനു നിവേദനം നല്‍കിയതിന് പിന്നാലെയായിരുന്നു തീരുമാനം. നായകളുടെ മാംസം വില്‍ക്കുന്ന ദയനീയമായ നിലയിലുള്ള ചിത്രങ്ങളും ഫിയാപോ പുറത്തുവിട്ടിരുന്നു. നിയമവിരുദ്ധമായ നിരവധി അറവുശാലകള്‍ ഉണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇതിന് പുറമെ അയല്‍ സംസ്ഥാനങ്ങളായ അസമില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും നായകളെ കടത്തി കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *