Thursday, January 23, 2025
Wayanad

വേൽ മുരുകൻ നിയമ വിദ്യാർത്ഥിയായിരിക്കെ മാവോയിസത്തിലേക്ക് : പോലീസ് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി

കൽപ്പറ്റ. : ഇന്നലെ ബാണാസുരൻ മലയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് വേൽമുരുകനെ സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് മരിച്ച് 24 മണിക്കുറിന് ശേഷമാണ് പോലീസ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. തമിഴ്നാട് സംസ്ഥാനത്ത് തേനി സ്വദേശിയായ വേൽമുരുകൻ വളരെ ചെറിയ പ്രായത്തിൽ തന്നെ മാവോയിസ്റ്റ് സംഘടനയിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയിരുന്നു. 2007 വർഷത്തിൽ നിയമ പഠനം പാതി വഴിയിൽ നിർത്തി മുഴുവൻ സമയം സംഘടനാ പ്രവർത്തനം നടത്തി വരികയാണ്. വടക്കൻ കേരളത്തിലെ പല ജില്ലകളിലും മാവോയിയിസ്റ്റ് പി എൽ.ജി.എ ആയി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘടനാ നേതാക്കളിൽ സീനിയർ ആണ് വേൽമുരുകൻ. കേരളത്തിന് പുറത്തും പ്രവർത്തിച്ചിട്ടുള്ള ഈ മാവോയിസ്റ്റ് സംഘടനാ നേതാവിന്റെ പേരിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി കേസുകൾ നിലവിലുണ്ട്. പതിനേഴാമത്തെ വയസ്സിൽ ഒഡീഷ സംസ്ഥാനത്തെ കോരാപുട്ട് ജില്ലയിലെ കോരാപുട്ട്” പോലീസ് സ്റ്റേഷൻ ആക്രമിച്ച് വൻതോതിൽ ആയുധങ്ങൾ കൊള്ളയടിച്ചതിന് ഇയാൾ പ്രതിയായി പ്രസ്തുത പോലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. 2007 വർഷത്തിൽ തമിഴ്നാട് സംസ്ഥാനത്തിൽ തേനീ ജില്ലയിൽ പെരിയകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി ആയുധ പരിശീലനം നടത്തിയതിനും ഇയാൾ പ്രതിയായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇ കേസിൽ 15/02/2011 തിയ്യതി കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് ശേഷം ഒളിവിൽ പോകുകയും, ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് നിലവിൽ ഉള്ളതും, തമിഴ്നാട് സർക്കാർ ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. കേരളത്തിൽ വയനാട് ജില്ലയിൽ ഇയാൾക്കെതിരെ 7 കേസുകളും, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ 2 വീതം കേസുകളും നിലവിലുണ്ട്. ഇവയിൽ മലപ്പുറം ജില്ലയിലെ എടക്കരെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് വേൽമുരുകനും മറ്റ് മാവോയിസ്റ്റ് പ്രവർത്തകരും ചേർന്ന് 25/09/2016 തിയ്യതി മുതൽ 30/09/2016 തിയ്യതി വരെ സ്റ്റേഷൻ പരിധിയിലെ ഉൾവനത്തിൽ വച്ച് ആയുധ പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈ കേസുകളെല്ലാം യു.എ.പി.എ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണന്നും പോലീസ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *