ഉംറ; ആദ്യ വിദേശ സംഘം സൗദിയിലെത്തി
മക്ക: എട്ട് മാസത്തിന് ശേഷം ഇതാദ്യമായി വിശുദ്ധ ഉംറ കർമം നിർവഹിക്കാൻ വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തീർഥാടകരാണ് ഉംറ പുനരാരംഭിച്ചതിന് ശേഷം ആദ്യമായി മക്കയിലെത്തിയത്. ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസിൽ ഹജ് ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ തീർഥാടകരെ ഹൃദ്യമായി സ്വീകരിച്ചു. ഈ സംഘം ഉൾപ്പെടെ 10,000 വിദേശ തീർഥാടകരാണ് ഇന്നലെ മക്കയിലെത്തിയത്.
കൊറോണ വ്യാപനഭീതിയിൽ എട്ട് മാസം മുമ്പാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടനം സൗദി അറേബ്യ നിർത്തലാക്കിയത്.പടിപടിയായി ഉംറയും സിയാറത്തും പുനരാരംഭിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഇന്നലെ തുടക്കമായിരുന്നു. ഈ ഘട്ടത്തിൽ ദിവസേന 20,000 പേർക്ക് ഉംറ അനുമതി നൽകാനാണ് തീരുമാനം.
ഇതിൽ പകുതിയോളം പേർ സൗദിക്കകത്തു നിന്നും അവശേഷിക്കുന്നവർ വിദേശങ്ങളിൽ നിന്നുള്ളവരുമാകും. വിദേശ തീർഥാടകർ പത്തു ദിവസമായിരിക്കും സൗദിയിൽ താമസിക്കുക.
കൂടാതെ, 60,000 പേർക്ക് വിശുദ്ധ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കാനും 19,500 പേർക്ക് മസ്ജിദുന്നബവി സിയാറത്തിനും റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാനും പെർമിറ്റുകൾ അനുവദിക്കും. ആരോഗ്യ പ്രോട്ടോകോളുകൾ നടപ്പാക്കിയതിനാൽ ഉംറ, സിയാറത്ത് പുനരാരംഭിക്കൽ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലും ഹജ് കാലത്തും തീർഥാടകർക്കിടയിൽ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കൊറോണ കേസുകൾ കണ്ടെത്തുന്ന പക്ഷം ആവശ്യമായ പരിചരണങ്ങളും ചികിത്സകളും നൽകുന്നതിനുള്ള ശേഷി ആരോഗ്യ മേഖല ഉയർത്തിയിട്ടുണ്ട്.