കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം:മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനങ്ങളുടെ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗബ്രയേസസാണ് പറഞ്ഞത്. കൊവിഡിനെ ചെറുക്കാന്‍ രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റി (herd immunity) മതിയെന്ന സങ്കല്‍പ്പം അധാര്‍മികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിനെ സാധാരണ പനിയായി കണ്ടാല്‍ മതിയെന്ന രീതിയിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ നല്‍കുന്നത്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ലെന്നും, പരമാവധി ആളുകളിലേക്ക് കൊവിഡ് രോഗം ബാധിക്കട്ടെയെന്ന് കരുതരുതെന്നും ഇത് അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന് വ്യക്തമാക്കിയ ലോകാരോഗ്യ സംഘടന തലവന്‍, വാക്‌സിനേഷന്‍ ഭൂരിപക്ഷം പേരിലും എത്തിയാല്‍ ബാക്കി ആളുകളില്‍ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണിതെന്നും കൂട്ടിച്ചേര്‍ത്തു.കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കല്‍പ്പം തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇവ കൈവരിക്കാന്‍ സാധിക്കൂ. അതായത് 95 ശതമാനം പേരില്‍ മീസില്‍സ് വാക്‌സിന്‍ എത്തിയാല്‍ അഞ്ചുശതമാനം പേരില്‍ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തില്‍ ഇത് 80 ശതമാനത്തിലെത്തിയാലാണെന്നും അദ്ദേഹം പറഞ്ഞു.
ഹെര്‍ഡ് ഇമ്മ്യൂണിറ്റി ജനങ്ങളെ രോഗത്തില്‍നിന്ന് മുക്തരാക്കുന്നതിന് മാത്രമാണെന്നും അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ലെന്നും പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മാര്‍ഗമായി ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെ ഉപയോഗിച്ചിട്ടില്ല,ഈ മാര്‍ഗം ശാസ്ത്രീയമായും ധാര്‍മികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൂര്‍ണ്ണമായി വ്യക്തമാകാത്ത ഒരു വൈറസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് അനീതിയാണ്, ഒരിക്കലും പ്രതിരോധ മാര്‍ഗമല്ലെന്നും അധാനോം കൂട്ടിച്ചേര്‍ത്തു.