Thursday, January 23, 2025
Sports

റണ്‍ചേസില്‍ വീണ്ടും അടിപതറി സിഎസ്‌കെ, ആര്‍സിബിക്ക് മികച്ച ജയം

ദുബായ്: ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ചതിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റണ്‍ചേസില്‍ വീണ്ടും അടിപതറി. ഐപിഎല്ലിലെ 25ാമത്തെ മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് എംഎസ് ധോണിയുടെ സിഎസ്‌കെ മുട്ടുമടക്കിയത്. 37 റണ്‍സിനായിരുന്നു ആര്‍സിബിയുടെ വിജയം. 170 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിഎസ്‌കെയ്ക്കു എട്ടു വിക്കറ്റിനു 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ സീസണിലെ അഞ്ചാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും തോല്‍വിയാണ് മുന്‍ ചാംപ്യന്‍മാര്‍ക്കു നേരിട്ടത്. ആര്‍സിബിക്കെതിരേ റണ്‍ ചേസില്‍ അമ്പാട്ടി റായുഡു (42), സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച എന്‍ ജഗദീശന്‍ (33) എന്നിവര്‍ മാത്രമാണ് സിഎസ്‌കെ നിരയില്‍ പൊരുതി നോക്കിയത്. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല.

മൂന്നാം വിക്കറ്റില്‍ റായുഡു- ജഗദീശന്‍ ജോടി 64 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ക്രിസ് മോറിസിന്റെ നേരിട്ടുള്ള ത്രോയില്‍ ജഗദീശന്‍ റണ്ണൗട്ടൗയതോടെ ആര്‍സിബി കളിയില്‍ പിടിമുറുക്കി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ സിഎസ്‌കെയുടെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സന്‍ (14), ഫാഫ് ഡുപ്ലെസി (8), നായകന്‍ ധോണി (10), സാം കറെന്‍ (0), ഡ്വയ്ന്‍ ബ്രാവോ (7), രവീന്ദ്ര ജഡേജ (7) എന്നിവരെല്ലാം ബാറ്റിങില്‍ നിറംമങ്ങി. ആര്‍സിബിക്കു വേണ്ടി ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ് മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബിയെ സിഎസ്‌കെ ബൗളിങ് നിര വരിഞ്ഞുകെട്ടിയെങ്കിലും അവസാന അഞ്ചോവറിലെ വെടിക്കെട്ട് പ്രകടനം ആര്‍സിബിയെ നാലു വിക്കറ്റിന് 189 റണ്‍സിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (90*) ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന്റെയും (33) ഇന്നിങ്‌സുകളാണ് ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 52 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കാണ് 90 റണ്‍സോടെ കോലി ടീമിന്റെ ടോപ്‌സ്‌കോററായത്. ദേവ്ദത്ത് 34 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ശിവം ദുബെ 14 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 22 റണ്‍സോടെ കോലിക്കൊപ്പം പുറത്താവാതെ നിന്നു.
അവസാനത്തെ അഞ്ചോവറില്‍ 74 റണ്‍സാണ് കോലി- ദുബെ സഖ്യം അടിച്ചെടുത്തത്. 34 പന്തില്‍ 76 റണ്‍സ് ഈ ജോടി നേടി. ആരോണ്‍ ഫിഞ്ച് (2), എബി ഡിവില്ലിയേഴ്‌സ് (0), വാഷിങ്ടണ്‍ സുന്ദര്‍ (10) എന്നിവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. സിഎസ്‌കെയ്ക്കു വേണ്ടി ശര്‍ദ്ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ദീപക് ചഹറിനും സാം കറെനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു മാറ്റങ്ങളുമായാണ് ആര്‍സിബി ഇറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ് ടീമിനായി അരങ്ങേറിയപ്പോള്‍ ഗുര്‍കീരത് സിങ് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. മറുഭാഗത്ത് സിഎസ്‌കെ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. കളിച്ച ആറു ഇന്നിങ്‌സുകളിലും ഫ്‌ളോപ്പായ കേദാര്‍ ജാദവിനെ ഒടുവില്‍ പുറത്തിരുത്തിയ സിഎസ്‌കെ പകരം എന്‍ ജഗദീശനെ കളിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *