Saturday, October 19, 2024
Sports

ചെന്നൈ ‘തിരുമ്പി വന്താച്ച്’, കിങ്‌സ് ഇലവന്‍ പഞ്ചാബിന് 10 വിക്കറ്റ് തോല്‍വി

ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ അനായാസം മറികടന്നു. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയം പിടിച്ചെടുത്തത്. പഞ്ചാബ് നായകനായ കെഎല്‍ രാഹുല്‍ അഞ്ചു ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഷെയ്ന്‍ വാട്‌സണ്‍ – ഫാഫ് ഡുപ്ലെസി സഖ്യത്തെ തകര്‍ക്കാനായില്ല. വാട്‌സണ്‍ 53 പന്തിൽ 83 റൺസെടുത്തു. സ്ട്രൈക്ക് റേറ്റ് 156. ഡുപ്ലെസി 53 പന്തിൽ 87 റൺസും നേടി. സ്ട്രൈക്ക് റേറ്റ് 164.

 

ദുബായിലെ വലുപ്പമേറിയ മൈതാനത്ത് സാവധാനമാണ് ഇരുവരും ബാറ്റു വീശിയത്. പവര്‍പ്ലേ തീരുമ്പോഴേക്കും ചെന്നൈ സ്‌കോര്‍ബോര്‍ഡില്‍ 60 പിന്നിട്ടു; 10 ആം ഓവറില്‍ 100 റണ്‍സും. ജോര്‍ദന്‍ എറിഞ്ഞ 11 ആം ഓവറില്‍ ബൗണ്ടറിയോടെയാണ് ഷെയ്ന്‍ വാട്‌സണ്‍ അര്‍ധ സെഞ്ച്വറി തികച്ചത്. ഇതേ ഓവറില്‍ സിംഗിളെടുത്ത് ഡുപ്ലെസിയും 50 റണ്‍സ് കുറിച്ചു. പഞ്ചാബിന്റെ സ്റ്റാര്‍ ബൗളര്‍മാരായ മുഹമ്മദ് ഷമിയും ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയും പരമാവധി ശ്രമിച്ചിട്ടും ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാനായില്ല. ക്രിസ് ജോര്‍ദനും ഹര്‍പ്രീത് ബ്രാറും ക്രിസ് ജോര്‍ദനും കണക്കിന് അടിവാങ്ങുകയും ചെയ്തു. 15 ആം ഓവറിലാണ് ടീം 150 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ പിന്നിട്ടത്. 18 ആം ഓവറിൽ കളി തീരുകയും ചെയ്തു.

നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റുചെയ്ത കിങ്‌സ് ഇലവന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിക്കുകയായിരുന്നു. നായകന്‍ കെഎല്‍ രാഹുലിന്റെ കരുതലോടുള്ള ബാറ്റിങ്ങാണ് കിങ്‌സ് ഇലവനെ ഭേദപ്പെട്ട സ്‌കോറില്‍ കൊണ്ടെത്തിച്ചത്. രാഹുല്‍ 52 പന്തില്‍ 63 റണ്‍സെടുത്തു. 1 സിക്‌സും 7 ഫോറും കെഎല്‍ രാഹുലിന്റെ ഇന്നിങ്‌സിലുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ശാര്‍ദ്ധുല്‍ താക്കൂര്‍ രണ്ടു വിക്കറ്റു വീഴ്ത്തി. രവീന്ദ്ര ജഡേജയും പിയൂഷ് ചൗളയും ഓരോ വിക്കറ്റും.

 

 

പതിവുപോലെ രാഹുല്‍ – മായങ്ക് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് നേട്ടമായത്. ആദ്യ 6 ഓവറില്‍ (പവര്‍പ്ലേ) വിക്കറ്റു നഷ്ടപ്പെടുത്താതെ സഖ്യം മുന്നേറി. 46 റണ്‍സാണ് പവര്‍പ്ലേയില്‍ പഞ്ചാബ് നേടിയതും. 9 ആം ഓവറില്‍ പിയൂഷ് ചൗള കൂട്ടുകെട്ട് തകര്‍ത്തു. ചൗളയെ ഡീപ് മിഡ് വിക്കറ്റില്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചതായിരുന്നു മായങ്ക്. എന്നാല്‍ ദുബായ് മൈതാനത്തിന്റെ വലുപ്പം വിനയായി. സാം കറന് അനായാസ ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. 3 ബൗണ്ടറിയുള്‍പ്പെടെ 19 പന്തില്‍ 26 റണ്‍സ് മായങ്ക് നേടി.

ശേഷമെത്തിയ മന്ദീപ് സിങ് ആക്രമിച്ചു കളിക്കാനാണ് താത്പര്യപ്പെട്ടത്. 11 ആം ഓവറില്‍ രണ്ടുതവണ ചൗളയെ മന്ദീപ് സിക്‌സറിന് പറത്തി. എന്നാല്‍ 12 ആം ഓവറില്‍ ജഡേജ മന്ദീപിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. ജഡേജയുടെ പന്തില്‍ അംബാട്ടി റായുഡുവിന് ക്യാച്ച് നല്‍കിയായിരുന്നു മന്ദീപ് പുറത്തായത് (27). 15 ആം ഓവറിലാണ് നായകന്‍ കെഎല്‍ രാഹുല്‍ ഇന്നിങ്‌സിനെ ടോപ് ഗിയറിലേക്ക് കൊണ്ടുവന്നത്. ശാര്‍ദ്ധുല്‍ താക്കൂറിന്റെ ഓവറില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 16 റണ്‍സ് രാഹുല്‍ നേടി. താരം അര്‍ധ സെഞ്ച്വറി പിന്നിട്ടതും ഇതേ ഓവറില്‍ത്തന്നെ.

ഡെത്ത് ഓവറുകളില്‍ നിക്കോളാസ് പൂരനും മോശമാക്കിയില്ല. ബ്രാവോയും സാം കറനും പൂരന്റെ സിക്‌സുകള്‍ക്ക് ഇരയായി. എന്നാല്‍ 18 ആം ഓവറില്‍ പൂരനെയും (33) രാഹുലിനെയും (63) തുടര്‍ച്ചയായി പറഞ്ഞയച്ച താക്കൂര്‍ ചെന്നൈയ്ക്ക് തിരിച്ചുവരവ് സമ്മാനിച്ചു. അവസാന ഓവറുകളിൽ മാക്‌സ്‌വെല്ലും (11) സർഫറാസും (14) നടത്തിയ ആക്രമണമാണ് കിങ്സ് ഇലവന്റെ സ്കോർ 178 റൺസിൽ എത്തിച്ചത്.

 

 

Leave a Reply

Your email address will not be published.