‘ഇരട്ട വോട്ടില്ലെന്ന് കളക്ടർ എങ്ങനെ പറഞ്ഞെന്ന് മനസ്സിലാകുന്നില്ല’; ജില്ലാ കളക്ടർക്കെതിരെ അടൂർ പ്രകാശ്
ജില്ലാ കളക്ടർക്കെതിരെ ആറ്റിങ്ങൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. ഇരട്ട വോട്ടില്ല എന്ന് ജില്ലാ കളക്ടർ എങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. നീതി നിർവഹണത്തിന് തയ്യാറാകേണ്ട ആളാണ് ജില്ലാ കളക്ടർ എന്നും അടൂർ പ്രകാശ് പറഞ്ഞു.
കോടതി ഇടപെട്ടപ്പോൾ ഒരു ശതമാനം വോട്ടെങ്കിലും ഉണ്ടെന്ന് പറയാൻ തയ്യാറായി. കോടതിയിൽ പോയത് നീതിക്കായാണ്. വോട്ടിരട്ടിപ്പ് ഒന്നും രണ്ടും അല്ല. കളക്ടർ ഉൾപ്പെടെയുള്ള ആളുകൾക്ക് വളരെ നേരത്തെ പരാതി നൽകിയിരുന്നു. അന്ന് ചെയ്യാൻ കഴിയാത്തത് ഇപ്പോൾ ചെയ്യുന്നത് ആരെയെങ്കിലും സഹായിക്കാൻ ആണോ എന്ന് അറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
അടൂർ പ്രകാശിന്റെ ആരോപണം തള്ളി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് രംഗത്തുവന്നിരുന്നു. ആറ്റിങ്ങലിൽ ഇരട്ട വോട്ടുകൾ ഇല്ല. പരാതി പരിശോധിച്ചിരുന്നു. ഹാജരാകാത്തതോ സ്ഥലം മാറിപ്പോയതോ ആയ വോട്ടുകൾ ആണ് ഉള്ളത്. അത് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞിരുന്നു.
13,66,000 ത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ടെന്നായിരുന്നു അടൂർ പ്രകാശിൻ്റെ ആരോപണം. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയിരുന്നു. ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യരുത് എന്നാണ് സർക്കാർ നിലപാടെന്നും അന്തിമ പട്ടികയിൽ പരമാവധി പേരെ തിരികയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. മരണപ്പെട്ടവർക്കും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുന്ന സാഹചര്യമാണുള്ളത്. കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നു.