ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്നമാണ് എം ടി പറഞ്ഞത്: സാറാ ജോസഫ്
ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്നമാണ് എം ടി പറഞ്ഞതെന്ന് സാഹിത്യകാരി സാറാ ജോസഫ്. ഭരണകൂടങ്ങൾക്ക് മീതെ നിൽക്കുന്നയാളാണ് എം ടി. ഇന്ത്യയിലുടനീളം ഭരിക്കുന്ന എല്ലാ മുഖ്യമന്ത്രിമാർക്കും മോദിക്കും ആത്മവിമർശനത്തിന് ആ പ്രസംഗം ഉപയോഗിക്കാം. അത് വേദിയിലിരുന്ന പിണറായിക്ക് വേണ്ടി മാത്രമല്ലെന്ന് സാറാ ജോസഫ് പറഞ്ഞു.
ഭരണകൂടത്തോടോ പ്രത്യേകതരം ഭരണാധികാരിയോടോ അല്ല എം ടി സംസാരിച്ചത്. ജനങ്ങളോടുള്ള ആഹ്വാനമാണത്. ജനങ്ങളുടെ ഉത്തരവാദിത്തമാണ് ജനാധിപത്യ സംരക്ഷണം. അത് തിരിച്ചറിയണം എന്നാണ് എം ടി പറഞ്ഞതെന്നും സാറാ ജോസഫ് പറഞ്ഞു.
അധികാര കേന്ദ്രീകരണമാണ് രാജ്യത്ത് നടക്കുന്നത്. ജനസേവനത്തിനുള്ള അവസരം കുഴിവെട്ടി മൂടി എന്നത് കൃത്യമായ നിരീക്ഷണമാണ്. 141 കോടി ജനങ്ങൾ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് കീഴിലാണ്. അകത്തുള്ള കെടുതികൾ കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ തകരുന്നതെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
ഇന്നത്തെ ജനാധിപത്യ രാഷ്ട്രീയ സാഹചര്യമാണ് എം ടിയെക്കൊണ്ട് അത്തരമൊരു പ്രതികരണം നടത്തിച്ചത്. തന്നെപ്പോലുള്ളവരുടെ നീണ്ട നെടുവീർപ്പായിരുന്നു എം ടിയുടെ പ്രസംഗം എന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു.